അമ്പലപ്പുഴ: ദീർഘകാലം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലായിരുന്നു പുന്നപ്ര വയലാർ സമരവും സമര സേനാനികളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പുന്നപ്ര വയലാർ വാരാചരണത്തിതിന്റെ സമാപന സമ്മേളനത്തിന് ഓൺലൈനിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറും അനുബന്ധ സംഘടനകളും ചരിത്ര ഗവേഷണ കൗൺസിലിനെ ഉപയോഗിച്ച് ചരിത്രം മാറ്റിയെഴുതുകയാണ്. അടിച്ചമർത്തലിന്റെ പ്രത്യയശാസ്ത്രമാണ് കേന്ദ്ര സർക്കാരിനുള്ളത്. അടിച്ചമർത്തൽ തുടർന്നാൽ ചെറുത്തുനിൽപ്പ് ശക്തിപ്പെടും. പൊതുമേഖലയെ വിറ്റുതുലച്ച് സ്വകാര്യ കുത്തകകളെ വളർത്താനുള്ള ശ്രമമാണ് മോദി സർക്കാരിന്റേത്. കർഷകരുടെ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായുള്ള സമരം ശക്തിപ്പെടും. ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിച്ച് സംസ്ഥാനങ്ങൾക്കുള്ള ന്യായമായ അവകാശങ്ങൾ പോലും കവർന്നെടുത്ത് സാമ്പത്തികമായി തളർത്തുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു .