ആലപ്പുഴ: സ്കൂൾ അദ്ധ്യയനം പുനരാരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, കുട്ടികളെ സ്കൂളിൽ അയക്കണോ, വേണ്ടയോ എന്ന ആശങ്ക ഒഴിയാതെ രക്ഷിതാക്കൾ. ജില്ലയിൽ സർക്കാർ - സ്വകാര്യ വിഭാഗങ്ങളിൽ 80 ശതമാനം സ്കൂളുകളിലും അദ്ധ്യാപക രക്ഷകർത്തൃ യോഗങ്ങൾ പൂർത്തിയായി.
പലയിടത്തും രക്ഷിതാക്കൾ കുട്ടികളെ അയക്കാൻ വിമുഖത പ്രകടിപ്പിച്ചതോടെ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം തുടരാം എന്ന നിലപാടിലാണ് ഏതാനും സ്വകാര്യ സ്കൂളുകൾ. ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിഭാഗക്കാർ വീടിന്റെ സുരക്ഷയിൽ തന്നെയിരുന്ന് പഠനം തുടരട്ടേയെന്നും, മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ മാത്രം ക്ലാസ് മുറി അദ്ധ്യയനം നൽകാമെന്നും തീരുമാനമെടുത്ത സ്കൂളുകളുണ്ട്.
ആദ്യ രണ്ടാഴ്ച പരീക്ഷണം
നവംബർ ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങൾ ട്രയൽ പിരീഡായാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ കുട്ടികൾ തമ്മിലുള്ള ഇടപെടലുകൾ, കൊവിഡ് മാനദണ്ഡപാലനം, അദ്ധ്യാപകർക്ക് കുട്ടികളുടെ എണ്ണം ക്രമീകരിച്ചുള്ള അദ്ധ്യയനം എങ്ങനെയുണ്ട് തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാകും ക്ലാസ് മുറി അദ്ധ്യയനം തുടരുന്നതിൽ അന്തിമതീരുമാനമെടുക്കുക.
ശ്വാസംമുട്ടി കുട്ടികൾ
1. ഓൺലൈൻ ക്ലാസിലും വീട്ടിനുള്ളിലും വീർപ്പുമുട്ടി കുഞ്ഞുമനസുകൾ
2. എന്നാൽ ആരോഗ്യരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക
3. കുട്ടികൾക്ക് ഇഷ്ടം സ്കൂൾ അദ്ധ്യയനം
4. കുട്ടികളുടെ ശാരീരിക - മാനസിക വികാസത്തിൽ സ്കൂൾ ജീവിതത്തിന് വലിയ പങ്ക്
ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ
പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളുടെ സഹകരണത്തോടെ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ നൽകുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. രക്ഷിതാക്കളുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകൾ നൽകുക. വെബ് പോർട്ടൽ മുഖേനയോ നേരിട്ടോ സമ്മതപത്രം നൽകാവുന്നതാണ്.
""
രക്ഷിതാക്കളുടെ പൂർണസമ്മതമുള്ള കുട്ടികൾക്ക് മാത്രമാണ് സ്കൂൾ അദ്ധ്യയനം നൽകുക. സമാന്തരമായി ഓൺലൈൻ ക്ളാസ് തുടരും. കൊവിഡ് ആശങ്കകൾ രക്ഷിതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. പൂർണമായും സുരക്ഷിതമായ അന്തരീക്ഷത്തിലേ ക്ലാസുകൾ നടത്തൂ.
എ.കെ.പ്രസന്നൻ, ജില്ലാ കോർഡിനേറ്റർ,
പൊതുവിദ്യാഭ്യാസ യജ്ഞം