cinema

ആലപ്പുഴ: റിലീസുകളില്ലാതെ ഇരുട്ടിലായ തിയേറ്ററുകൾക്ക് ഇന്ന് മുതൽ വീണ്ടും ജീവൻ വയ്ക്കും. സർക്കാർ അനുമതിയോടെ പ്രവർത്തനം പുനരാരംഭിക്കാമെങ്കിലും പുത്തൻ റിലീസുകൾക്കായി ഏതാനും ദിവസങ്ങൾ കൂടി കാത്തിരുന്നേ മതിയാവൂ. 28ന് അന്യഭാഷാ ചിത്രങ്ങളോടെ പ്രദർശനം തുടങ്ങാമെന്നാണ് കണക്കുകൂട്ടൽ. സിനിമാ പ്രേമികൾ എത്തുന്നതിന് മുന്നോടിയായി ശുചീകരണവും അറ്റകുറ്റപണികളും പെയിന്റിംഗും പൂർത്തിയാക്കി. പ്രദർശനമില്ലെങ്കിലും എല്ലാ തിയേറ്ററുകളും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുകയും പ്രൊജക്ടറുകളും സൗണ്ട് സിസ്റ്റവും എ.സിയുമടക്കം ഉപകരണങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ദീപാവലി പ്രമാണിച്ച് നവംബർ 4 മുതൽ പുതിയ സിനിമകൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് തിയേറ്റർ വ്യവസായികൾ.

കുറുപ്പിൽ പ്രതീക്ഷ

നവംബർ 12ന് റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' എത്തുന്നതോടെ തിയേറ്ററുകൾ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിന് യഥാർത്ഥ കഥാപാത്രങ്ങളും സംഭവവുമായും ബന്ധമുള്ള ആലപ്പുഴയിൽ മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ', 'വെനം 2', തമിഴ് ചിത്രം 'ഡോക്ടർ' എന്നിവയാകും തിയേറ്ററുകളിൽ ആദ്യം എത്തുക. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ച മോഹൻലാൽ ചിത്രം 'മരക്കാർ' ഉൾപ്പടെ വമ്പൻ സിനിമകൾക്കായി കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സീറ്റിംഗ്: 50 %

പ്രവേശനം: 02 ഡോസ് വാക്സിനെടുത്തവർക്ക്

ടിക്കറ്റ് ബുക്കിംഗ്: ഓൺലൈൻ

""

സെക്കൻഡ് ഷോ പ്രദർശനത്തിന് സർക്കാർ അനുമതി നൽകിയത് വ്യവസായത്തിന് അനുഗ്രഹമാണ്. ഇത് കൂടുതൽ കുടുംബ പ്രേക്ഷകരെ ആകർഷിക്കും. മലയാള സിനിമകളുടെ റിലീസിംഗും തരംഗമാകും.

വി.എ. മാത്യു

പങ്കജ് തിയേറ്റർ