അമ്പലപ്പുഴ: വിവാഹവേദിയിൽ വരന്റെ കൈകളിലേക്ക് താലിമാല പകർന്നു നൽകി കാരണവരുടെ സ്ഥാനം അലങ്കരിച്ചത് മുൻ മന്ത്രി ജി.സുധാകരൻ. പ്രിയ നേതാവിന്റെ അനുഗ്രഹത്തോടെ പുന്നപ്ര സ്വദേശി സ്വരരാജ്, തൈക്കാട്ടുശേരി സ്വദേശിനി രഞ്ജിനിയെ താലിചാർത്തി.
അടിയന്തരാവസ്ഥ കാലത്തും മിച്ചഭൂമി സമരകാലത്തും ദീർഘകാലം ജയിൽവാസം അനുഭവിച്ച നേതാവാണ് സ്വരരാജിന്റെ പിതാവ് പരേതനായ അപ്പുക്കുട്ടൻ. വീര രക്തസാക്ഷികൾക്കൊപ്പം ചുടുകാട്ടിലെ മണ്ണിൽ അന്തിയുറങ്ങുന്ന പുന്നപ്ര വടക്ക് പഞ്ചായത്തംഗവും എൽ.സി അംഗവുമായിരുന്ന അപ്പുക്കുട്ടനോടുള്ള വ്യക്തിബന്ധമാണ് ജി.സുധാകനെ വിവാഹവേദിയിൽ എത്തിച്ചത്.
ഇരുവരും തമ്മിൽ ഏറെ ആത്മബന്ധമുണ്ടായിരുന്നതായി സ്വരരാജ് ഓർമ്മിക്കുന്നു. അച്ഛന്റെ അസാന്നിദ്ധ്യത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് മുതിർന്ന നേതാവിന്റെ സാമീപ്യമെന്നും സ്വരരാജ് കൂട്ടിച്ചേർത്തു. ഗവ. സർവീസ് കോഓപ്പറേറ്റിവ് ബാങ്ക് ജീവനക്കാരനായ സ്വരരാജ് പുന്നപ്ര വടക്ക് എൽ.സി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് വധൂഗൃഹമായ തൈക്കാട്ടുശേരി ഇരിക്കാടൻ ചിറയിൽ വീട്ടിലായിരുന്നു വിവാഹം. തങ്കമ്മയാണ് സ്വരരാജിന്റെ അമ്മ. പരേതനായ രമേശൻ, മൈഥിലി ദമ്പതികളുടെ മകളാണ് രഞ്ജിനി. നവദമ്പതികൾക്ക് മംഗളാശംസകളും നേർന്നാണ് ജി.സുധാകരൻ വേദിയിൽ നിന്ന് മടങ്ങിയത്.