ചേർത്തല: യുവകലാസാഹിതിയുടെ നേതൃത്വത്തിൽ നടന്ന വയലാർ രാമവർമ്മ കവിതാ പുരസ്‌കാര സമ്മേളനം വയലാർ രാഘവ പറമ്പിലെ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ അദ്ധ്യക്ഷനായി.
11,111 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം കവയിത്രി ഇ.സന്ധ്യയ്ക്ക് സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. ശിൽപ്പ സമർപ്പണം അഡ്വ.വി.മോഹൻദാസ് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ജില്ലാ സെക്രട്ടറി അസിഫ് റഹിം പ്രശസ്തി പത്രം കൈമാറി. വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടിയെ ടി.ജെ. ആഞ്ചലോസ് ആദരിച്ചു, ശാരദ മോഹൻ, പ്രദീപ് കൂടക്കൽ, എൻ.എസ്. ശിവപ്രസാദ്, ടി.ടി. ജീസ്‌മോൻ, ഗീത തുറവൂർ, പി.എസ്. ഹരിദാസ്, ബോബി ശശിധരൻ, സി. ജയകുമാരി എന്നിവർ സംസാരിച്ചു.