photo

ചേർത്തല: പുന്നപ്ര - വയലാർ സമരത്തിൽ എത്രപേർ രക്തസാക്ഷികളായെന്നും എത്രപേർക്ക് പരിക്കേറ്റെന്നും കണ്ടെത്താൻ ഇടതുപക്ഷം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു പറഞ്ഞു. ജെ.എസ്.എസിന്റെ നേതൃത്വത്തിൽ പുന്നപ്ര - വയലാർ രക്തസാക്ഷി അനുസ്മരണ സമ്മേളനം ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിന് ശേഷം നിരവധി തവണ ഇടതുപക്ഷം കേരളം ഭരിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് മന്ത്രിമാർ അധികാരമേൽക്കുന്നത്. പാർട്ടി നിയന്ത്രത്തിലുള്ള ഗവേഷണ കേന്ദ്രങ്ങൾ പല പഠനങ്ങളും വിലയിരുത്തലുകളും നടത്തുന്നു. എന്നാൽ വർഷം 75 പിന്നിട്ടിട്ടും രക്തസാക്ഷികളുടെ കണക്കെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും രാജൻബാബു കുറ്റപ്പെടുത്തി.

സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ അദ്ധ്യക്ഷനായി. കെ. പീതാംബരൻ, അഡ്വ. സജീവ് സോമരാജൻ, ഉമേശ് ചള്ളിയിൽ, കാട്ടുകുളം സലിം, രാധാഭായി ജയചന്ദ്രൻ, കെ.പി. സുരേഷ്, പി. രാജു, ആർ. ശശീന്ദ്രൻ, വി.കെ. അംബർഷൻ, തോമസ് കോറാശേരി, റെജി റാഫേൽ, പി.സി. സന്തോഷ്, എ.പി. ജോർജ്, എൻ.കുട്ടിക്കൃഷ്ണൻ, യു.കെ. കൃഷ്ണൻ, ഡി. രാധാകൃഷ്ണ പണിക്കർ, എൻ. പ്രകാശൻ, സജിമോൻ കുട്ടനാട്, പി. ശ്യാംകുമാർ, ജയപാൽ പുത്തനമ്പലം എന്നിവർ സംസാരിച്ചു.