ആലപ്പുഴ: കൈനകരി കൃഷിഭവന് കീഴിലുള്ള കനകാശേരി പാടശേഖരത്തിലെ കൃഷി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കർഷക സംഗമം തോമസ്.കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുപ്പപ്പുറം ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം ശാലിനി ബൈജു, ഇറിഗേഷൻ, കൃഷി വിഭാഗം ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കനകാശേരി - മീനപ്പള്ളി - വലിയകരി പാടശേഖരങ്ങളിൽ കൃഷി പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. കനകാശേരിയിലെ മടക്കുഴി നികത്തുന്നതിനുള്ള നടപടി സ്വീകരിക്കും. മൂന്ന് പാടങ്ങളെയും മൂന്നായി തിരിച്ച് വിഭജന ബണ്ട് ഉയർത്തി പുറംബണ്ട് ബലപ്പെടുത്തി കൃഷി പുനഃസ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായും എം.എൽ.എ പറഞ്ഞു. 116 ഏക്കർ വിസ്തൃതിയുള്ള കനകാശേരിയിൽ 2020 ഡിസംബറിലാണ് മട വീണത്. പുറംബണ്ട് നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.