ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി വാർഡിൽ പണയിൽ ഫാക്ടറി - കുന്നിൽ റോഡിനെയും വല്ലഭത്തു ജംഗ്ഷൻ - വല്യവീട്ടിൽ റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന 250 മീറ്റർ മാത്രം ദൂരം വരുന്ന ലിങ്ക്റോഡ് സഞ്ചാരയോഗ്യമല്ലാതെ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് എട്ടു വർഷമായി.
നൂറുക്കണക്കിന് വാഹനങ്ങൾ നിത്യവും കടന്നു പോകുന്ന റോഡാണിത്. അൻപതോളം വീട്ടുകാർക്ക് പട്ടണത്തിലേക്ക് ഇറങ്ങാനുള്ള ഏകമാർഗവും. റോഡിന്റെ അവസ്ഥ പഞ്ചായത്ത് ഭരണ സമിതിയെയും വാർഡ് മെമ്പറെയും പല തവണ ബോദ്ധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. കാൽനട പോലും അസാദ്ധ്യമായ റോഡ് അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.