ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കന്യാകുമാരിയിൽ നിന്ന് തൃശൂർ ചാവക്കാട് മത്സ്യബന്ധന വള്ളവുമായി പോയ പിക്കപ്പ് വാൻ സമീപത്തെ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കന്യാകുമാരി സ്വദേശികളായ ജഗൻ, ബൽറാം എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ഹരിപ്പാട് പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.