തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപാവലി ഉത്സവ നടത്തിപ്പിന് ദേവസ്വം ബോർഡ് നിർദ്ദേശിച്ച ഉത്സവ കമ്മിറ്റിയെ മാറ്റി ഹൈക്കോടതി പുതിയ കമ്മിറ്റിയെ നിയോഗിച്ചു. 27ന് കൊടിയേറി നവംബർ 3ന് ദീപാവലി വലിയ വിളക്കും 4ന് തിരുവാറാട്ടോടും കൂടി സമാപിക്കുന്ന ഉത്സവ നടത്തിപ്പിന് വൈക്കം ഗ്രൂപ്പ് അസി. ദേവസ്വം കമ്മിഷണർ 23 അംഗ കമ്മിറ്റിയെ രൂപീകരിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കഴിഞ്ഞ 13ന് സ്റ്റേ ചെയ്തത്.

ഹൈക്കോടതി 2018ൽ പിരിച്ചുവിട്ട ഭക്തജനസമിതിയിലെ ഭൂരിഭാഗം അംഗങ്ങളെയും മറ്റ് ചിലരെയും ഉൾപ്പെടുത്തി ദേവസ്വം ബോർഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ തുറവൂർ കണ്ണമംഗലത്ത് ശിവപ്രസാദ് നൽകിയ റിട്ട് പെറ്റീഷനെ തുടർന്നാണ് 23 അംഗ കമ്മിറ്റിയെ ഹൈക്കോടതി തന്നെ രൂപീകരിച്ച് ഉത്തരവായത്.

പരാതിക്കാരനും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് നിർദ്ദേശിക്കപ്പെട്ടവരാണ് കമ്മിറ്റിയിലുള്ളത്. ചെയർമാൻ, കൺവീനർ എന്നിവരെ തിരഞ്ഞെടുക്കാൻ ദേവസ്വം അസി. കമ്മ്ഷണറെ ചുമതലപ്പെടുത്തി. ഉത്സവ നടത്തിപ്പിനുള്ള വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള അവകാശം ഉത്സവ കമ്മിറ്റിക്ക് വിട്ടുകൊടുക്കുന്നെന്നും ഉത്തരവിൽ പറയുന്നു.