തുറവൂർ: പള്ളിത്തോട്ടിൽ തലയ്ക്ക് വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിൽ പൊലിസിൽ കീഴടങ്ങിയ ജ്യേഷ്ഠനെ റിമാൻഡ് ചെയ്തു. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് ചെട്ടി വേലിയ കത്ത് തങ്കച്ചന്റെ മകൻ സെബാസ്റ്റ്യനാണ് (ഷാരോൺ, 26) റിമാൻഡിലായത്. സഹോദരൻ ഇമ്മാനുവലിന്റെ (ഷാർബിൻ, 24) കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് റിമാൻഡിലായത്. സെബാസ്റ്റിന് ഒളിവിൽ താമസിക്കാൻ സഹായിച്ച പള്ളിത്തോട് വെളിയിൽ വീട്ടിൽ സെബാസ്റ്റ്യൻ (ജിമ്മി), പള്ളിത്തോട് ചെട്ടി വേലിയകത്ത് വീട്ടിൽ ജോയൽ, മത്സ്യക്കെട്ട് ചാൽ കാവൽക്കാരനായ ഷിബു എന്നിവരെ ശനിയാഴ്ച രാത്രി റിമാൻഡ് ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് നാലോടെ ചേർത്തല ഡിവൈ.എസ്.പി. ഓഫീസിൽ കീഴടങ്ങിയ സെബാസ്റ്റ്യനെ ഒളിവിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുത്തു. ഇയാൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമേർപ്പെടുത്തിയ മറ്റൊരാളെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത സെബാസ്റ്റ്യനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സി.ഐ പി.ജെ.പ്രദീപ് പറഞ്ഞു.