തുറവൂർ: സഹപ്രവർത്തകന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചു. വൈക്കം ഉദയനാപുരം പഞ്ചായത്ത് ഏഴാം വാർഡ് വട്ടത്തറ പടി വീട്ടിൽ വേലായുധന്റെ മകൻ വി. വിനയചന്ദ്രനാണ് (49) മരിച്ചത്.
ദേശീയപാതയിൽ തുറവൂർ റിലയൻസ് പമ്പിന് വടക്ക് ഇന്നലെ വൈകിട്ട് 3.20 ഓടെയായിരുന്നു അപകടം. കുത്തിയതോട് വളമംഗലം വടക്ക് ഭാഗത്തെ സഹപ്രവർത്തകന്റെ വസതിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തുറവൂരിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ബൈക്കിനൊപ്പം സമീപത്തെ ജപ്പാൻ കുടിവെള്ള വാൽവിന്റെ കോൺക്രീറ്റ് സ്ലാബിന് മുകളിൽ നെഞ്ചിടിച്ചാണ് വീണത്.
ഗുരുതരമായി പരിക്കേറ്റ് 15 മിനിട്ടോളം ആരും കാണാതെ കിടന്ന വിനയചന്ദ്രനെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആശ. മക്കൾ: വിശാഖ്, മായ. കുത്തിയതോട് പൊലീസ് കേസെടുത്തു.