ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഊർജ്ജിത നടപടികളുമായി മുന്നേറുകയാണ് ആലിശേരി, കറുകയിൽ, എം.ഒ വാർഡുകൾ. സർവേ നടപടികൾ പൂർത്തിയായ ഈ വാർഡുകളിൽ ഓരോ വീട്ടിലും സ്ഥാപിക്കാനുള്ള ബയോബിന്നുകൾ എത്തിക്കഴിഞ്ഞു.
മുഴുവൻ വീടുകളിലും ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഉറവിട മാലിന്യ സംസ്കരണ രീതി ഉപയോഗിക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ചെയ്യുന്നതിലൂടെയാണ് ഒരു വാർഡിനെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നത്.
വാർഡിനെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് യോഗങ്ങൾ ചേർന്നാണ് നടപടികൾ പുരോഗമിക്കുന്നത്. ആദ്യ മൂന്ന് വാർഡുകളുടെ സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന് ശേഷം ഒരു വർഷം നീളുന്ന സമഗ്ര പരിപാടിയിലൂടെ ആലപ്പുഴയെ സമ്പൂർണ ശുചിത്വ നഗരമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 1,800 രൂപ വിലവരുന്ന ബയോബിൻ സബ്സിഡി കഴിഞ്ഞ് 180 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.
ആലിശേരി
ആകെ വീടുകൾ: 571
എയ്റോബിക്: 274
ബയോബിൻ: 285
ബയോഗ്യാസ്: 12
""
ആലിശേരി വാർഡിലെ ജനങ്ങൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. വാർഡിനെ ഒൻപത് ക്ലസ്റ്ററുകളായി തിരിച്ചാണ് നടപടികൾ മുന്നേറുന്നത്.
പി.എസ്.എം. ഹുസൈൻ,
വാർഡ് കൗൺസിലർ, ആലിശേരി
കറുകയിൽ
ആകെ വീടുകൾ: 628
നിലവിൽ മാലിന്യ സംസ്കരണ സംവിധാനം: 109
പുതുതായി സ്ഥാപിക്കുന്നത്: 519
""
ഒന്നാംഘട്ട നിർമ്മല നഗരം പദ്ധതിയിൽ തന്നെ കറുകയിൽ വാർഡ് സമ്പൂർണ ശുചിത്വ പദവി സ്വന്തമാക്കിയിരുന്നു. ഇത്തവണയും മുന്നിലെത്തും. പൊതുമാലിന്യ സംവിധാനം ഉപയോഗിക്കാതെ പൂർണമായും വീടുകളിൽ തന്നെ മാലിന്യം സംസ്കരിക്കും. 25 വീടുകളടങ്ങിയ ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്.
എം.ആർ. പ്രേം, കൗൺസിലർ, കറുകയിൽ
മുനിസിപ്പൽ ഓഫീസ്
സർവേയിൽ പങ്കെടുത്ത വീടുകൾ: 475
നിലവിൽ മാലിന്യ സംസ്കരണ സംവിധാനം: 250
പുതിയ ബയോബിൻ സ്ഥാപിക്കുന്നത്: 225
""
രണ്ട് ദിവസത്തിനകം എല്ലാ വീടുകളിലും ബയോബിന്നുകൾ എത്തിക്കും. മിക്ക വീടുകളിലും ബയോഗ്യാസ്, പൈപ്പ് കമ്പോസ്റ്റ്, എയ്റോബിക് സംവിധാനങ്ങൾ നിലവിലുണ്ട്. പുതിയ അപേക്ഷകരും പണമടച്ച് കഴിഞ്ഞു.
എ.എസ്. കവിത, കൗൺസിലർ, എം.ഒ വാർഡ്