house-boat

# പ്രതീക്ഷ ദീപാവലിയിൽ

ആലപ്പുഴ: യാത്രാ നിരോധനം പിൻവലിച്ചതോടെ ദീപാവലി അവധി ആഘോഷമാക്കാൻ ഹൗസ് ബോട്ട് മേഖല ഒരുങ്ങുന്നു. മാനം തെളിഞ്ഞതോടെ ശിക്കാര വള്ളങ്ങൾക്കും ഹൗസ് ബോട്ടുകൾക്കും ചെറിയതോതിൽ സവാരി കിട്ടിത്തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

മഴയെ തുടർന്ന് ദിവസങ്ങളായി ഹൗസ് ബോട്ട് മേഖല നിശ്ചലമായിരുന്നു. അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ പല ബുക്കിംഗുകളും റദ്ദായി. ഇത് വലിയ നഷ്ടമാണ് മേഖലയ്ക്ക് സമ്മാനിച്ചത്. വെള്ളം ഇറങ്ങി നിരോധനം പിൻവലിച്ചതോടെയാണ് വീണ്ടും ബുക്കിംഗ് ആരംഭിച്ചത്.

മഴ മാറിനിൽക്കുന്നതിനാൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന് അകത്തുനിന്നുള്ളവരാണ് ഇപ്പോൾ കൂടുതലായി ബുക്കിംഗെടുക്കുന്നത്. എന്നാൽ വടക്കേ ഇന്ത്യക്കാരുടെയും വിദേശികളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്.

കേരളത്തിന് പുറത്തുനിന്നുള്ള സ‌ഞ്ചാരികൾ കൂടുതലായെത്തിയാലേ കായലോര സഞ്ചാരത്തിനൊപ്പം ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും പ്രയോജനം ലഭിക്കൂ.

ഇന്ധന വില കഠിനം

രണ്ട് വർഷത്തിനിടെ ഡീസൽവിലയിലുണ്ടായ വർദ്ധനവ് നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ഓട്ടം കുറവായതിനാൽ സവാരി നിരക്ക് കൂട്ടിയിട്ടില്ല. നൂറുപേരെ വരെ കയറ്റാവുന്ന ഹൗസ് ബോട്ടുകൾ ഉണ്ടെങ്കിലും കൊവിഡ് നിയന്ത്രണമുള്ളതിനാൽ യാത്രക്കാരെ കുറയ്ക്കേണ്ടിവന്നു. ഒരു മുറിയുള്ള ഹൗസ് ബോട്ടുകൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ.

ജീവിതം മുങ്ങി,​ തിരിച്ചടവ് മുടങ്ങി

1. കാലാവസ്ഥാ വ്യതിയാനം വരുമാനം കുറച്ചു

2. ഓട്ടം കുറഞ്ഞതോടെ ലോൺ തിരിച്ചടവ് മുടങ്ങി

3. മോറട്ടോറിയം തിരിച്ചടവ് മുടങ്ങിയവർക്ക് മാത്രം

4. കടം വാങ്ങി ലോണടച്ചവർക്ക് വായ്പാ ആനുകൂല്യമില്ല

5. കഴിഞ്ഞ മൂന്ന് വർഷമായി പല കാരണങ്ങളാൽ മേഖല ദുരിതത്തിൽ

കുറഞ്ഞ നിരക്ക് ₹ 7,​000

സമയം: ഉച്ചയ്ക്ക് 12 മുതൽ പിറ്റേന്ന് രാവിലെ 9 വരെ

റൂട്ട്: ആലപ്പുഴ, കുമരകം

''"

ദീപാവലിയാണ് ഇനി ഹൗസ് ബോട്ട് മേഖലയ്ക്ക് പ്രതീക്ഷ. മഴ കാരണം പൂജാ അവധി നഷ്ടപ്പെട്ടു. വടക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സഞ്ചാരികൾ എത്തിയാലേ പിടിച്ചുനിൽക്കാനാവൂ. പലരും കടക്കെണിയിലാണ്.

ബൈജു, ഹൗസ് ബോട്ട് ഉടമ,​ പുന്നമട