cpm

അമ്പലപ്പുഴ : മത്സ്യത്തൊഴിലാളിയും തോട്ടപ്പള്ളിയിലെ പ്രാദേശിക സി.പി.എം നേതാവുമായ സജീവനെ കാണാതായി ഒരു മാസമാകുമ്പോഴും പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ ഒരു ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം പൊലീസ് മർദ്ദിച്ചെന്ന ആരോപണം വിവാദമാവുകയും ചെയ്തു.

ഇക്കാലയളവിൽ സി.പി.എം നേതൃത്വത്തിൽ നിന്ന് സജീവന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത് മുൻമന്ത്രി ജി.സുധാകരൻ മാത്രമാണ്. സി.പി.എം സമ്മേളന കാലയളവിലുണ്ടായ സജീവന്റെ തിരോധാനത്തിൽ ദുരൂഹകളേറെയാണ്.

സി.പി.എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായ സജീവനെ കഴിഞ്ഞ മാസം 29നാണ് കാണാതായത്. ഭാര്യ സജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇപ്പോൾ വഴിമുട്ടിയ അവസ്ഥയാണെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ നിരവധി സി.പി.എമ്മുകാരെ ചോദ്യം ചെയ്തിരുന്നു. ബ്രാഞ്ച് സമ്മേളനത്തിന് തലേന്നാണ് സജീവനെ കാണാതായത്. സജീവൻ ഒളിവിൽ പോകേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മുൻകാലങ്ങളിൽ പുന്നപ്ര -വയലാർ വാർഷിക വാരാചരണ പ്രവർത്തനങ്ങൽ സജീവമായി പങ്കെടുത്തിരുന്നയാളാണ് സജീവൻ.

സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന പരാതി ശരിയായ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അതിനിടെ, സജീവന്റെ തിരോധാനം ലോക്കൽ സമ്മേളനങ്ങളിൽ ചർച്ചയാകാതിരിക്കാനുള്ള മുൻകരുതലും നേതൃത്വം സ്വീകരിക്കുന്നുണ്ട്. കാണാതാകുന്ന ദിവസം സജീവൻ തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ബോട്ടിൽ മത്സ്യബന്ധനത്തിന് പോയിരുന്നു. തിരികെ ഹാർബറിലെത്തി ഭാര്യയുടെ കുടുംബവീടായ പുത്തൻനടയിൽനിന്നും ഓട്ടോറിക്ഷയിൽ തോട്ടപ്പള്ളിയിൽ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാൽ, വീട്ടിലെത്തിയില്ല.