s

പൂച്ചാക്കൽ: വാഹനാപകടത്തിൽ മരിച്ച പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിനയചന്ദ്രന് സഹപ്രവർത്തകർ ഗാർഡ് ഓഫ് ഓണർ നൽകി. പോലീസ് അസോസിയേഷനു വേണ്ടി ജില്ലാ പ്രസിഡന്റ് അഞ്ജു, കോൺഗ്രസ് ജില്ലാ കമ്മറ്റിക്ക് വേണ്ടി മുൻ വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ള, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ്, ബി.ജെ.പി.സംസ്ഥാന സമിതി അംഗം അഡ്വ.ഇ.ബാലാനന്ദ്, സി.പി.എം ചേർത്തല ഏരിയ സെന്റർ അംഗം ബി.വിനോദ് , സുരേഷ് കലാഭവൻ, ഇ.കെ.കുഞ്ഞപ്പൻ, പി.റ്റി.രാധാകൃഷ്ണൻ, സി.പി.വിനോദ് കുമാർ, ആന്റപ്പൻ മായിത്തറ, രാജേന്ദ്രൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. ഞായറാഴ്ച വൈകിട്ട് തുറവൂരിൽ വച്ച് വിനയചന്ദ്രൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ ചേർത്തല താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചേർത്തല പോലീസ് സ്റ്റേഷൻ, വിനയചന്ദ്രന്റെ കുടുംബ വീടായ തിരുനെല്ലൂർ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് 12.30നാണ് പൂച്ചാക്കൽ സ്റ്റേഷനിൽ മൃതദേഹം എത്തിച്ചത്ത്. തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കായി വൈക്കം തുറുവേലിക്കുന്നിലെ വീട്ടിലേക്ക് അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടുപോയി.