അമ്പലപ്പുഴ: പ്രവർത്തന രഹിതമായ തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഇതിനായി 112 കോടിയുടെ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിയമസഭയിൽ എച്ച്. സലാം എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
2011ൽ പ്രവർത്തനം ആരംഭിച്ച ഹാർബറിൽ ക്രമാതീതമായി മണ്ണ് അടിയുകയാണ്. പൂർണമായി പ്രവർത്തന സജ്ജമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൂനെ സി.ഡബ്ല്യു.പി.ആർ.എസ് (സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ) മുഖേന പഠനം നടത്തി. റിപ്പോർട്ട് അനുസരിച്ച് തെക്കേ പുലിമുട്ടിന്റെ നീളം 170 മീറ്റർ വർദ്ധിപ്പിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ഇതിന് പുറമെ വടക്ക് ഭാഗത്ത് 436 മീറ്റർ നീളത്തിൽ മറ്റൊരു പുലിമുട്ടും നിർമ്മിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറായിവരുന്നു. ഇത്തരം പദ്ധതികളിലൂടെ മണ്ണ് കയറുന്നത് ഒഴിവാക്കി ഹാർബർ പൂർണമായി പ്രവർത്തന സജ്ജമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.