ആലപ്പുഴ: നഗരത്തിൽ കൊമ്മാടി വാർഡിൽ നൂറോളം കുടുംബങ്ങൾക്ക് കഴിഞ്ഞ ഒന്നരമാസമായി കുടിവെള്ളം കിട്ടാക്കനിയായി. താരാട്ട്-വാടക്കുഴി റോഡിന്റെ ഇരുവശത്തുമുള്ള കുടുബങ്ങൾക്കാണ് കുടിവെള്ളം മുടങ്ങിയത്. ജലഅതോറിട്ടിയെ സമീപിച്ചെങ്കിലും വെള്ളം എത്തിക്കുന്നതിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒന്നരമാസം മുമ്പ് തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്നാണ് നഗരത്തിലാകെ കുടിവെള്ളവെള്ള വിതരണം മുടങ്ങിയതിനൊപ്പം ഇവിടെയും പൈപ്പുകളിൽ വെള്ളം ലഭിച്ചിരുന്നില്ല. എന്നാൽ തകഴിയിലെ പൈപ്പിലെ പൊട്ടൽ പരിഹരിച്ചിട്ടും ഇവിടേയ്ക്ക് വെള്ളം എത്താതായതോടെ നാട്ടുകാർ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് വാട്ടർ അതോറിട്ടി ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ്

വെള്ളം എത്തുന്ന പ്രധാന കുഴലിലെ തകരാറാണ് കാരണമെന്ന് കണ്ടെത്തിയത്. എന്നാൽ കുടിവെള്ളം എത്തിക്കുന്നതിൽ ബദൽ സംവിധാനം ഒരുക്കാൻ വാട്ടർ അതോറിട്ടി അധികൃതർ തയ്യാറായിട്ടുമില്ല. നിലവിൽ ലിറ്ററിന് ഒരുരൂപ നിരക്കിൽ സ്വകാര്യ ആർ.ഒ പ്ളാന്റിൽ നിന്നാണ് പ്രദേശവാസികൾ വെള്ളം വാങ്ങുന്നത്.

"ഒന്നരമാസമായി സ്വകാര്യ ആർ.ഒ പ്ളാന്റിൽ നിന്ന് ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം വാങ്ങുകയാണ്. ഇത്രയും തുക കൊടുത്ത് വെള്ളം വാങ്ങാനുള്ള കഴിവ് പല കുടുംബങ്ങൾക്കും ഇല്ല

-പ്രദീപ്, പ്രദേശവാസി