ആലപ്പുഴ: കൊവിഡ് വാക്‌സിനേഷൻ 100 കോടി ഡോസ് പൂർത്തിയാക്കിയതിന്റെ ഭാഗമായി ജില്ലയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നഗരസഭാ ശതാബ്ദി മന്ദിരത്തിൽ നടന്ന ചടങ്ങിൽ 12 ആരോഗ്യ ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുത്ത ഒരോ ആരോഗ്യ പ്രവർത്തകരെ വീതം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും ജില്ലാ കളക്ടർ എ. അലക്സാണ്ടറും ചേർന്നാണ് ആദരിച്ചത്. വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന സാലി ചാക്കോ, വി. രശ്മി, ജിജിമോൾ, വി.പി. ഉദയമ്മ, ബി. രമണി, തങ്കമ്മ, ബി.കെ. താഹിറ ബീവി, ജി. പ്രഭ, ടി. മറിയാമ്മ, പി.ബി. ലോബി, എച്ച്. ഹസീബ, എസ്. സുജാകുമാരി എന്നിവർ ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ പ്രതിനിധീകരിച്ച് ആദരവ് ഏറ്റുവാങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി, മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, ഡി.പി.എച്ച് നഴ്സ് (ഇൻ ചാർജ്) ചിത്രാഭായി എന്നിവർ പങ്കെടുത്തു.