ആലപ്പുഴ: തൃക്കുന്നപ്പുഴ, മുഹമ്മ ഗ്രാമപഞ്ചായത്തുകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി.തൃക്കുന്നപ്പുഴ പല്ലന സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാറും മുഹമ്മ കല്ലാപ്പുറം ഹോമിയോ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു.
ahims.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ച് മരുന്നു നൽകുന്നതിന് രണ്ടു പഞ്ചായത്തുകളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
തൃക്കുന്നപ്പുഴയിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിയാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് അംഗം അർച്ചന ദിലീപ്, മെഡിക്കൽ ഓഫീസർ ഡോ. രശ്മി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മുഹമ്മയിലെ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്. ലത, ഡോ. ഉഷാദേവി തുടങ്ങിയവർ പങ്കെടുത്തു.