s
കിണറുമുക്ക് പുത്തൂരേത്ത് റോഡ്

വള്ളികുന്നം: അഞ്ച് വർഷത്തിലേറെയായി തകർന്നു കിടക്കുന്ന കിണറുമുക്ക് പുത്തൂരേത്ത് റോഡ് യാത്രക്കാർക്ക് തീരാദുരി​തമാണ് നൽകുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് വൻ അപകട ഭീഷണി ഉയർത്തുന്നു.

പുനർ നിർമ്മാണം എന്ന പേരിൽ ഒരു വർഷം മുൻപ് റോഡിന്റെ ചില ഭാഗങ്ങളിൽ മെറ്റൽ നിരത്തിയെങ്കിലും ടാർ ചെയ്തില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലധികവും. വട്ടയ്ക്കാടിന് സമീപം അപകടത്തിൽ ഒരു യുവാവ് മരിക്കുകയും ചെയ്തു. വട്ടയ്ക്കാട് ക്ഷേത്രം, കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, എസ്.എൻ.ഡി.പി ഗുരുമന്ദിരം, അംഗൻവാടി, വായനശാല തുടങ്ങിയവ ഈ റോഡിന്റെ വശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. വള്ളികുന്നത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സർക്കാർ ആശുപത്രി എന്നിവിടങ്ങളിലേക്കും കൊല്ലം ജില്ലയിലേക്കും യാത്ര ചെയ്യുവാൻ ആശ്രയിക്കുന്ന റോഡാണിത്.നിർമ്മാണം ഇനിയും നടന്നില്ലെങ്കിൽ ആക് ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ചെയ്യുവാനാണ് നാട്ടുകാരുടെ തീരുമാനം.

രാജപാതയായി അറിയപ്പെട്ട റോഡാണിത്. ഒന്നര വർഷമായി കരാർ നൽകിയിട്ടും നിർമ്മാണം നടക്കാത്തത് ഗുരുതര അനാസ്ഥയാണ്.

ശശികുമാർ നീലിമ,
വ്യാപാരി

വർഷങ്ങളായി ദുരിതയാത്രയാണ്. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കണം.

സുധാകുമാരി. എസ്,
നാട്ടുകാരി


ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുവാൻ കഴിയാത്ത സ്ഥിതിയാണ്. ഏറെ കാലമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

മിനികുമാരി,
അദ്ധ്യാപിക