മാന്നാർ: വെള്ളപ്പൊക്കത്താൽ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന കിടപ്പുരോഗി മാന്നാർ പാവുക്കര പന്തലാറ്റിച്ചിറയിൽ മണലിൽ തെക്കേതിൽ രാജപ്പൻ ആചാരി (73)നിര്യാതനായി. മാന്നാർ നായർ സമാജം അക്ഷര എൽപി സ്‌കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന രാജപ്പൻ ആചാരി ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മൂന്ന് സെന്റ് സ്ഥലത്ത് അടച്ചുറപ്പില്ലാത്ത ഒരു ഷെഡിൽ വിധവയായ മകളും കൊച്ചുമക്കളോടുമൊപ്പം കഴിഞ്ഞ് വരവെയാണ് കനത്ത മഴയിൽ രാജപ്പന്റെ വീട് വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ എ.അലക്സാണ്ടർ ക്യാമ്പ് സന്ദർശന വേളയിൽ രാജപ്പന്റെ ദയനീയ സ്ഥിതി നേരിട്ട് മനസിലാക്കുകയും വീട് നിർമ്മിച്ച് നൽകുന്നതിന് വേണ്ട നടപടികൾക്കായി വില്ലേജ് ഓഫീസർക്ക് നിർദേശവും നൽകിയിരുന്നു. ആ സഹായങ്ങൾക്കൊന്നും കാത്ത് നിൽക്കാതെയാണ് രാജപ്പൻ ആചാരി യാത്രയായത്. സ്വന്തം സ്ഥലത്ത് സൗകര്യമില്ലാത്തതിനാൽ കടപ്ര പഞ്ചായത്തിലെ ഉപദേശിക്കടവിനടുത്തുള്ള പൊതു ശ്മശാനത്തിലാണ് സംസ്‌ക്കാരം നടത്തിയത്. ഭാര്യ: പരേതയായ സുമതി
മക്കൾ: സത്യ കുമാർ, രാഖി, സീമ