ഹരിപ്പാട്: വെറ്ററി​നറി ആശുപത്രിയിൽ രാത്രികാല ഡോക്ടറുടെ സേവനം ലഭ്യമാക്കുവാനും ഒഴിവുളള ലാബ്ടെക്നീഷ്യൻ തസ്തി​കയി​ൽ അടിയന്തരമായി ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണവകുപ്പ് മന്ത്രിക്ക് രമേശ് ചെന്നിത്തല എം.എൽ.എ കത്ത് നൽകി. കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും രാത്രികാലങ്ങളിൽ അത്യാഹിതമുണ്ടായാൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുവാൻ കർഷകർ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വെറ്റിനറി ആശുപത്രികളിലൊന്നായ ഹരിപ്പാട് വെറ്റിനറി ആശുപത്രിയെ കൂടുതൽ കർഷകസൗഹൃദ കേന്ദ്രമാക്കിമാറ്റുവാൻ വേണ്ടി ഇവിടെ രാത്രികാല ഡോക്ടറുടെ സേവനം ലഭ്യമാക്കണം. പരിശോധനകൾക്കായി ഇവിടെ സ്ഥാപിച്ചിട്ടുളള ലാബിൽ ലാബ്ടെക്നീഷ്യന്റെ ഒഴിവുളള നിയമനം നടത്താത്തത് മൂലം 15 കിലോമീറ്റർ അകലെയുളള കായംകുളം വെറ്ററി​നറി ആശുപത്രിയെയാണ് ലാബ് പരിശോധനകൾക്കായി കർഷകർ ആശ്രയിക്കുന്നതെന്നും കത്തിൽ പറയുന്നു.