ഹരിപ്പാട്: മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ച സാഹചര്യത്തിൽ, അതിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് ഒരു ആയുർവേദ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. ഹരിപ്പാട് മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത സ്ഥലം ഇന്ന് അനാഥമായി കിടക്കുകയാണ്. ദേശീയപാതയോട് ചേർന്നുകിടക്കുന്ന ഈ സ്ഥലം കയ്യേറ്റ ഭീഷണി നേരിടുകയാണ്. ചുറ്റുവേലിയോ സംരക്ഷണ ഭിത്തിയോ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി കത്തുകൾ മുൻ ആരോഗ്യമന്ത്രിക്ക് നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
സിയാൽ മോഡലിലൊരു മെഡിക്കൽ കോളേജ് ആയിരുന്നു അന്ന് ആഗ്രഹിച്ചിരുന്നത്. എന്നാൽ ആയുഷ് പദ്ധതി പ്രകാരം കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ ഒരു ആയുർവ്വേദ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് ലഭിച്ച പലവിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ സാധിച്ചത്. ഒരു ആയുർവ്വേദ മെഡിക്കൽ കോളേജോ അല്ലെങ്കിൽ ആയുർവ്വേദ ആശുപത്രിയോ സ്ഥാപിച്ച് ജനങ്ങളുടെ ഈ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാണ് തന്റെ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കൽ കോളജിന് ഏറ്റെടുത്ത സ്ഥലം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് സർക്കാർ ആലോചിക്കുമെന്ന്മന്ത്രി വീണാ ജോർജ് മറുപടി നൽകി.