ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചാര സൗഹൃദ റോഡുകളുടെ ഭാഗമായി പഞ്ചായത്ത് പത്താം വാർഡിന്റെ ആഭിമുഖ്യത്തിൽ മുഹമ്മ കഞ്ഞിക്കുഴി റോഡ് സൗന്ദര്യവത്കരിക്കുന്നതിന്റെ ഉദ്ഘാടനം മാരാരിക്കുളം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. രാജേഷ് നിർവഹിച്ചു.
പാന്തേഴം ജംഗ്ഷൻ മുതൽ കിഴക്കോട്ടാണ് റോഡിന് വശങ്ങളിലായി പൂച്ചെടികൾ നട്ടുവളർത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഫാ. സാംജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈരഞ്ചിത്ത്, കെ. കമലമ്മ, ജ്യോതിമോൾ, ശ്രീകുമാർ, എം.ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം ഫെയ്‌സി.വി ഏറനാട് സ്വാഗതവും കൺവീനർ ശരവണൻ നന്ദിയും പറഞ്ഞു.
മുഹമ്മയിലെ വിദ്യാഭ്യാസ സ്ഥാപനമായ കെ.ഇ. കാർമ്മലാണ് സൗന്ദര്യവത്കരണത്തിനാവശ്യമായ ചെടികളും ചട്ടികളും വാങ്ങി നൽകിയത്. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പരിപാലിക്കും. റോഡിന് വശങ്ങളിലായി കാമറകളും സ്ഥാപിച്ചിട്ടു. അഞ്ചു വർഷം കൊണ്ട് പദ്ധതി പഞ്ചായത്തിൽ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിച്ച് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്താനാണ് പഞ്ചായത്ത് ആലോചിക്കുന്നത്.