ആലപ്പുഴ: കൊവിഡ് മരണം ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് പോർട്ടൽ വഴിയുള്ള അപ്പീലുകൾ രണ്ടാഴ്ചക്കുള്ളിൽ തീർപ്പാക്കാൻ പ്രവർത്തനം വേഗതയിലാക്കി. അപ്പീലുകൾ സമിതി പരിഗണിച്ച് തുടങ്ങി. ഓൺലൈനായി ലഭിച്ചതിന് പുറമേയുള്ള പരാതികളും പരിഗണിക്കുന്നുണ്ട്.
ഔദ്യോഗിക കണക്ക് അനുസരിച്ച് ഇതുവരെ 1,296 അപ്പീലുകളാണ് ലഭിച്ചത്. ഇതുകൂടി പരിഗണിച്ചാൽ ജില്ലയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം മൂവായിരത്തിലധികമാകും. രണ്ട് ആഴ്ചക്കുള്ളിൽ മുഴുവൻ അപ്പീലുകളും തീർപ്പാക്കാനാണ് തീരുമാനം.
നിലവിൽ 70 അപ്പീലുകൾ തീർപ്പാക്കി.
30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം അപേക്ഷകന്റെ അക്കൗണ്ടിൽ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, നേരിട്ടോ, പി.എച്ച്.സി വഴിയോ അപേക്ഷിക്കാം. വിശദമായ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി മരണ സർട്ടിഫിക്കറ്റ് നൽകുക.
ജില്ലാ തലത്തിൽ കമ്മിറ്റി
കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിട്ടുപോയ കൊവിഡ് മരണങ്ങൾ ഉൾപ്പെടുത്താൻ ജില്ലാ തലത്തിൽ കമ്മിറ്റി രൂപീകരിച്ചത്. എ.ഡി.എം, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ജാഗ്രതാ ഓഫീസർ, മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി വിഭാഗം മേധാവി എന്നിവരടങ്ങുന്നതാണ് സമിതി അംഗങ്ങൾ.
പ്രത്യേക സഹായം
1. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തു
2. ഇവരുടെ മക്കൾക്ക് മൂന്നുലക്ഷം രൂപ സ്ഥിര നിക്ഷേപവും പ്രതിമാസം രണ്ടായിരം രൂപയും നൽകും
3. ഇതിന് പുറമേ ബിരുദം വരെയുള്ള പഠന ചെലവ് സർക്കാർ വഹിക്കും
4. മാതാപിതാക്കളിൽ ഒരാൾ നേരത്തെ മരിക്കുകയും മറ്റേയാൾ കൊവിഡ് മൂലം മരിച്ചാലും ആനുകൂല്യം ലഭിക്കും
5. മരിച്ചവരുടെ ആശ്രിതരായ ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസ സഹായം
നഷ്ടപരിഹാരം: 50,000
ജില്ലയിൽ കൊവിഡ് മരണം: 2,079 (ഔദ്യോഗിക കണക്ക്)
അപ്പീൽ: 1,296
തീർപ്പാക്കിയ അപ്പീൽ: 70
''"
ജില്ലാ കൊവിഡ് മരണ നിർണയ സമിതിയുടെ അംഗീകാരം ലഭിക്കുന്ന അപ്പീലുകൾ കൊവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുത്തും.
ആരോഗ്യവകുപ്പ് അധികൃതർ