# കുടുംബാംഗങ്ങൾക്കൊപ്പം ജില്ലാ പൊലീസ് മേധാവിയെ കണ്ടു
ആലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് കാണാതായ സി.പി.എം അംഗം സജീവനെ കണ്ടെത്താൻ ത്വരിത നടപടികൾ സ്വീകരിക്കണമെന്ന് മുൻമന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി. സുധാകരൻ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
സജീവന്റെ മകൾ ശ്രുതി, മരുമകൻ ഹാരിസ്, കൊച്ചു മകൻ ഐവാൻ എന്നിവരും ജി. സുധാകരനൊപ്പമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇതുവരെ കൈക്കൊണ്ട നടപടികളെപ്പറ്റി ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. അന്വേഷണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രുതി ഭർത്താവ് ഹാരിസിനൊപ്പം ഹരിയാനയിൽ താമസിക്കവേയാണ് സജീവനെ കാണാതായത്. തുടർന്ന് ഹരിയാനയിൽ നിന്ന് മൂന്ന് തവണ ജി. സുധാകരനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. സജീവനെ കാണാതായതിന്റെ രണ്ടാം ദിവസം തന്നെ ജി. സുധാകരൻ സജീവന്റെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മിലിട്ടറിയിൽ ജോലി ചെയ്യുന്ന ഹാരിസ് ഈ മാസം 30ന് ഹരിയാനയിലേക്ക് മടങ്ങും. ശ്രുതിയും കുഞ്ഞും തോട്ടപ്പള്ളിയിൽ തങ്ങും.
""
പാർട്ടിയും സർക്കാരും കൂടെയുണ്ട്. സജീവനെ കണ്ടുപിടിക്കുന്നതുവരെ പരിശ്രമം തുടരും.
ജി. സുധാകരൻ
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം
""
ഊഹാപോഹങ്ങളിലും നുണ പ്രചാരണങ്ങളിലും കുടുങ്ങരുത്. സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
ജി. ജയ്ദേവ്
ജില്ലാ പൊലീസ് മേധാവി