waterbell

ആലപ്പുഴ: വിദ്യാർത്ഥികളിൽ ജലപാനം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച വാട്ടർ ബെൽ പദ്ധതി ഈ അദ്ധ്യയന വർഷവും വെള്ളം കുടിപ്പിക്കുമോയെന്ന് കണ്ടറിയണം. കൊവിഡിന് മുമ്പ് ആദ്യഘട്ടമായി ജില്ലയിൽ കലവൂർ ഗവ. സ്കൂളിൽ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് പഠനം ഓൺലൈനായതോടെ പദ്ധതി നിലച്ചു.

പഠത്തിന്റെ നിശ്ചിത ഇടവേളകളിൽ സ്‌കൂളുകളിൽ ബെൽ മുഴക്കി വെള്ളം കുടിക്കുന്നത് ഓർമ്മപ്പെടുത്തുന്നതാണ് വാട്ടർബെൽ പദ്ധതി. നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പദ്ധതി വീണ്ടും നടപ്പാക്കാൻ അധികൃതർ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. കുട്ടികൾക്കിടയിൽ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും വാട്ടർ ബെൽ പദ്ധതി നടപ്പാക്കിയത്.

കണ്ണൂരിൽ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ മാസം മുതൽ ഓൺലൈൻ ക്ലാസിനൊപ്പം വാട്ടർ ബെൽ പദ്ധതി പുനരാരംഭിച്ചിരുന്നു. എന്നാൽ ജില്ലയിൽ ഇതിനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല

എന്താണ് വാട്ടർബെൽ

1. വിദ്യാർത്ഥികൾക്ക് വെള്ളം കുടിക്കുന്നതിന് പ്രത്യേകമായി ബെല്ലടിക്കും

2. ക്ളാസ് ഇടവേളകൾപോലെ വെള്ളം കുടിക്കാനും ഇടവേള

3. ദിവസത്തിൽ രണ്ടു തവണയാണ് സ്കൂളുകളിൽ ബെൽ മുഴക്കുക

ദിവസം കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളം

ആരോഗ്യം നിലനിറുത്താൻ കുട്ടികൾ ദിവസവും കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. എന്നാൽ, ശരാശരി 750 മില്ലീ ലിറ്ററിൽ താഴെയാണെന്ന സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിത്. വെള്ളം കുടിക്കാത്തത് മൂലം കുട്ടികളിൽ മൂത്രസംബന്ധമായ രോഗങ്ങൾ വർദ്ധിച്ചതായും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

''"

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വാട്ടർ ബെൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണ് കൊവിഡ് രൂക്ഷമായത്. ഇതോടെ പദ്ധതി നിറുത്തി. ക്ളാസുകൾ നവംബർ ഒന്നിന് ആരംഭിക്കുമെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് അറിയിപ്പ് ലഭിച്ചിട്ടില്ല.

വിദ്യാഭ്യാസ വകുപ്പ് അധികൃതർ