ആലപ്പുഴ: ആലപ്പുഴ കടൽത്തീരത്തെത്തിയ പടക്കപ്പൽ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് ആളുകളാണ് കടലും തീരത്ത് വിശ്രമിക്കുന്ന കപ്പലും കാണാനെത്തുന്നത്. അധികം വൈകാതെ കപ്പൽ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് സംഘാടകരുടെ തീരുമാനം.
മന്ത്രിമാരുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ഉദ്ഘാടന തിയതി നിശ്ചയിക്കും. കപ്പലിന് ഉള്ളിലേക്ക് പ്രവേശിക്കാനുള്ള റാംപ്, പുറം മോടി കൂട്ടുന്നതിന് പെയിന്റിംഗ്, കപ്പലിൽ നിന്ന് ഭാരം കുറയ്ക്കുന്നതിന് വേണ്ടി അഴിച്ചു മാറ്റിയവ തിരിച്ച് പിടിപ്പിക്കൽ തുടങ്ങിയവ ഉദ്ഘാടനത്തിനോടനുബന്ധിച്ച് പൂർത്തിയാക്കും.
തത്കാലം ഫീസില്ല
കപ്പൽ പ്രദർശനത്തിന്റെ ആദ്യ നാളുകളിൽ ഫീസ് ഏർപ്പെടുത്തേണ്ടതില്ലെന്നാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. 24 മണിക്കൂർ സെക്യൂരിറ്റിയും അറ്റകുറ്റപ്പണികളുടെ ചെലവും വരുന്നതിനാൽ ഭാവിയിൽ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് സർക്കാർ തലത്തിലാണ് തീരുമാനം വരേണ്ടത്.
മാരിടൈം മ്യൂസിയം വരും
നിലവിൽ കപ്പൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമും പരിസരവും ഉൾപ്പെടുത്തി മാരിടൈം മ്യൂസിയം ഒരുക്കാനുള്ള രൂപരേഖ തയാറാകുന്നുണ്ട്. ടിക്കറ്റ് ബൂത്തിൽ നിന്ന് കപ്പലിലേക്ക് കയറാൻ റാംപ്, ചുറ്റുമതിൽ, ലാൻഡ്സ്കേപ്പ്, ഫുഡ് കോർട്ട് തുടങ്ങിയവ ഉൾപ്പെട്ടതാണ് ഡിസൈൻ.
കപ്പൽ ഒഴുകിപോകുമോ?
സമൂഹമാദ്ധ്യമങ്ങളിലടക്കം പടക്കപ്പൽ സംബന്ധിച്ച് ഉയരുന്ന പ്രധാന സംശയം, വെള്ളപ്പൊക്കത്തിൽ കപ്പൽ ഒഴുകിപോകുമോയെന്നാണ്. തീരത്ത് മണ്ണൊലിപ്പ് തടയാൻ കപ്പലിനും കടലിനും ഇടയിലുള്ള ഭാഗത്ത് ചെടികൾ നട്ടുപിടിപ്പിക്കാനാണ് ആലോചന. ബേഹോപ്സ് എന്ന സസ്യമാകും ഇതിനായി ഉപയോഗിക്കുക.
""
ജില്ലയിലെ മന്ത്രിമാരുടെയോ, വകുപ്പ് മന്ത്രിമാരുടെയോ സമയം ലഭിക്കുന്നതനുസരിച്ച് ഉദ്ഘാടനം തീരുമാനിക്കും. നിയമസഭ നടക്കുന്നതിനാലാണ് തീയതി ലഭിക്കാൻ പ്രയാസം. ഉദ്ഘാടനത്തിന് മുന്നോടിയായി കപ്പലിൽ അറ്റകുറ്റപ്പണികൾ തീർക്കേണ്ടതുണ്ട്.
നൗഷാദ്, എം.ഡി,
മുസിരിസ് ഹെറിറ്റേജ് മ്യൂസിയം