അമ്പലപ്പുഴ: ബസ് സ്റ്റോപ്പിൽ ഇരിക്കാൻ സംവിധാനം ഇല്ലാത്തത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി തിരികെ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. നേരത്തെ ഇതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിലും രണ്ടുവർഷം മുമ്പ് റോഡരുകിൽ തറയോട് പാകിയപ്പോൾ പൊളിച്ചുമാറ്റി.
റോഡരുകിൽ മഴയും വെയിലുമേറ്റ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് രോഗികളും മറ്റ് യാത്രക്കാരും. ദേശീയപാതയിൽ പള്ളിമുക്ക് ജംഗ്ഷനിൽ തന്നെ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനാൽ ബീച്ച് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിയും വരുന്നുണ്ട്.
ഇവിടെ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതും റോഡിലെ കുഴിയും നിരവധി വാഹനാപകടങ്ങൾക്കും കാരണമാകുന്നു. ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്തതിനാൽ രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംവമാണ്. ആശുപത്രി ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും അലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഇരിക്കാനുള്ള സംവിധാനവും വേണമെന്ന ആവശ്യം ശക്തമാണ്.