sara
ചാരുംമൂട് ചന്തയിൽ പച്ചക്കറിയും മുട്ടയും വിൽക്കുന്ന സരസ്വതിയമ്മ

ചാരുംമൂട്: ചാരുംമൂട് ചന്തയിൽ പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങൾ പകുത്ത് വച്ച് ജീവി​ക്കാനുള്ള വക കണ്ടെത്തുകയാണ് താമരക്കുളം വേടര പ്ലാവ് സരസ്വതി ഭവനത്തിൽ സരസ്വതിയമ്മ. 73 വയസി​ലും അദ്ധ്വാനം പകുക്കാതെ സ്വന്തം കാലി​ൽ ജീവി​ക്കുകയാണ് ഇന്നും ഈ അമ്മ.

14 വർഷം മുമ്പ് ഭർത്താവ് മരിച്ചിട്ടും മനസ് തളർന്നില്ല. മകനടക്കമുള്ള ബന്ധുക്കൾ സമീപത്തുണ്ടെങ്കിലും സ്വന്തമായി ജീവിക്കാനുള്ള തീരുമാനത്തിൽ തന്നെ ആയിരുന്നു. 13-ാം വയസിലാണ് ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യയായി വേടരപ്ലാവിലെത്തിയത്. ചാരുംമൂട് ചന്തയിൽ ഭർത്താവ് ഗോപാലകൃഷ്ണപിള്ളയുടെ ചായക്കടയിൽ ഒപ്പം ചേർന്ന് ജീവിതം തുടങ്ങി​. ഭർത്താവ് മരിച്ചതോടെയാണ് ചാരുംമൂട് ചന്തയിൽ സരസ്വതിയമ്മ പച്ചക്കറി പകുത്തുവച്ച് വിൽക്കുന്ന ചെറിയ വ്യാപാരം തുടങ്ങിയത്.

മുട്ടയും വിവിധ ഇനം പച്ചക്കറികളുമായാണ് കച്ചവടം. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങി ചന്തയിൽ എത്തിച്ചാണ് വിൽപന. ഒരു പങ്കിന് മുപ്പതു രൂപയാണ് വില. ഒരു ദിവസം നൂറ് രൂപ വരെ ചിലപ്പോൾ ലാഭം കിട്ടും. ചിലപ്പോൾ തുശ്ചമായി കിട്ടുന്നതു കൊണ്ട് തിരികെ പോകേണ്ടി വന്നിട്ടുണ്ടെന്നും സരസ്വതിയമ്മ പറയുന്നു.

രണ്ട് മക്കളാണ് സരസ്വതിയമ്മക്ക്. അവർ സ്വന്തം വീടുകളിലേക്ക് മാറിയപ്പോൾ ഒറ്റക്കായി. പിന്നീട് ജീവിക്കാൻ കച്ചവടവുമായി ഇറങ്ങി​.

സാധനങ്ങൾ സൂക്ഷിക്കാൻ സൗജന്യമായി സ്ഥലവും അനുവദിച്ചു ചന്തയുടെ ഉടമയെന്ന് സരസ്വതിയമ്മ നന്ദി​യോടെ സ്മരിക്കുന്നു. പ്രായംകൂടി​യപ്പോൾ ശരീരത്തിന് പഴയതുപോലെ ശക്തിയി​ല്ലെങ്കി​ലും മനസിന് ശക്തി ദൈവം നൽകുന്നുണ്ടെന്നാണ് സരസ്വതിയമ്മ പറയുന്നു.

.................................

ചന്തയിൽ നിറയെ ആളുകളെത്തിക്കൊണ്ടിരുന്ന കാലത്ത് ജീവിതച്ചെലവിന് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. ഇപ്പോൾ കൊവി​ഡ് വന്നപ്പോൾ ആകെ മാറി​.

സരസ്വതിയമ്മ