മാവേലിക്കര: സി.പി.എം നട്ടുന്ന സമ്മേളനങ്ങൾ മറ്റ് പാർട്ടിക്കാരുടെ സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്ന തരത്തിൽ നടത്തുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.
താമരക്കുളം പഞ്ചായത്തിലെ പച്ചക്കാട് ജംഗ്ഷനിൽ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനായി കൊടികളും തോരണങ്ങളും കെട്ടിയപ്പോൾ കോൺഗ്രസ് പ്രവർത്തകനായ പച്ചക്കാട് റോഷൻ വില്ലയിൽ റിനി തോമസ് നടത്തുന്ന കടയുടെ മുന്നിലായി മാർഗതടസം സൃഷ്ടിച്ചിരിക്കുകയാണ്.
മുൻകാല ഡി.വൈ.എഫ്.ഐ പ്രവർത്തകനായ റിനി തോമസ് അടുത്തകാലത്ത് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ വിരോധം തീർക്കാനായാണിതെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. ബ്രാഞ്ച് സമ്മേളനം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും കൊടികളും തോരണങ്ങളും എടുത്ത് മാറ്റാത്തതിനെതിരെ നൂറനാട് സി.ഐക്കും ചെങ്ങന്നൂർ എസ്.ഐക്കും ആലപ്പുഴ എസ്.പിക്കും റിനി തോമസ് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് കടയ്ക്ക് മാർഗതടസം സൃഷ്ടിച്ച് നാട്ടിയിരുന്ന ഏതാനും കൊടികൾ എടുത്തുമാറ്റിയതിനെ തുടർന്ന് പൊലീസ് റിനി തോമസിനെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ കയറ്റുന്നതിനിടയിൽ പൊലീസിൻറെ കൺമുന്നിലിട്ട് റിനിയെ സി.പി.എമ്മുകാർ മർദ്ദിക്കുകയും ചെയ്തു. ഇത് പൊലീസിന്റെയും സി.പി.എമ്മിന്റെയും ഒത്തുകളിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയേക്കാൾ നിലവാരം കുറഞ്ഞ പ്രവർത്തനമാണ് സി.ഐ നടത്തുന്നതെന്നും സി.പി.എമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന പൊലീസ് സംവിധാനമായി നൂറനാട്ടെ പൊലീസ് മാറിയതായും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.