ചേർത്തല: മരുത്തോർവട്ടത്ത് വീടുകളിൽ മോഷണം. അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല കവർന്നു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലാണ് വ്യാപകമായി മോഷണം നടന്നത്. അമ്മുനിലയത്തിൽ അനിൽ കുമാറിന്റെ ഭാര്യ ഉഷാകുമാരിയുടെ മാലയാണ് നഷ്ടപ്പെട്ടത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. മാല പൊട്ടിച്ചപ്പോൾ ഉണർന്ന് ബഹളം വച്ചപ്പോൾ മോഷ്ടാവ് അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. പിന്നീട് നാമക്കാട് കോളനിയിൽ ലതിക, വെളിയിൽ ലേഖാ സന്തോഷ്, കണിയാംപള്ളിയിൽ ലതിൻകൃഷ്ണ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന രണ്ടുജോടി ചെരുപ്പും ബിഗ്‌ഷോപ്പറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.