ആലപ്പുഴ: കേരളപ്പിറവി ദിനം മുതൽ രാജാകേശവദാസ് നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കാമെന്ന പ്രതീക്ഷ വേണ്ട. ഉദ്ഘാടന മുന്നൊരുക്കങ്ങൾ ഒന്നുമായില്ലെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പറയുന്നു. പൂളിലെ ഫിൽറ്ററേഷൻ പൈപ്പിലെ ലീക്ക് പരിഹരിക്കുന്നതിന് നിലവിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളുടെ വീതി കൂട്ടേണ്ടതുണ്ട്.
15 ലക്ഷം രൂപയോളം ചെലവ് വരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയായാലേ ഉദ്ഘാടനത്തെ കുറിച്ച് ചിന്തിക്കാനാവൂ. നീന്തൽ പ്രേമികളുടെ ചിരകാല സ്വപ്നമായ രാജാകേശവദാസ് നീന്തൽക്കുളം നവംബർ ഒന്നിന് പൊതുജനങ്ങൾക്ക് തുറന്നുനൽകാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ നേരത്തെ അറിയിച്ചിരുന്നു. ഇതാണിപ്പോൾ വെള്ളത്തിലായിരിക്കുന്നത്. നീന്തൽക്കുളത്തിന്റെ പരിസരങ്ങളും കാടുകയറിയ നിലയിലാണ്.
നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായ ശേഷമാണ് പൂളിൽ വെള്ളം നിറയ്ക്കുന്നത്. ഇതോടെയാണ് ഫിൽറ്ററേഷനിലെ തകരാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കായിക യുവജനക്ഷേമ വകുപ്പ് ചീഫ് എൻജിനിയർ പൂൾ സന്ദർശിച്ചിരുന്നു. നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന കാത്തിരിപ്പിലാണ് നീന്തൽ പ്രേമികൾ.
അന്താരാഷ്ട്ര നിലവാരമില്ല
അന്താരാഷ്ട്ര മത്സരങ്ങൾക്ക് യോജിക്കുന്നതല്ല രാജാകേശവദാസ് നീന്തൽക്കുളം. വലിയ മത്സരങ്ങൾക്കും പരിശീലനത്തിനും വെവ്വേറെ പൂളുകൾ ആവശ്യമാണ്. ഇത്തരം സംവിധാനം ഇവിടെയില്ല. കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം നടത്തുന്നതിനും ചെറിയ മത്സരങ്ങളും നടത്തുന്നതിനും മാത്രമേ പൂൾ പ്രയോജനപ്പെടൂ.
പൂർത്തിയായ നവീകരണം
50 മീറ്റർ നീളത്തിൽ ഒന്നരലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള പൂൾ
ഗാലറി
പുത്തൻ ഫ്ലോറിംഗും ഇലക്ട്രിക് സംവിധാനങ്ങളും
""
ഫിൽറ്ററേഷൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂളിൽ വെള്ളം നിറച്ച് പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ ഉദ്ഘാടനം നടത്താൻ സാധിക്കൂ.
പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി,
സ്പോർട്സ് കൗൺസിൽ