ആലപ്പുഴ: സമയവും സ്ഥലവും മുൻകൂട്ടി അറിയിക്കാതെ നത്തുന്ന റോഡ‌ിലെ കുഴിവെട്ട് വലിയ ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് കെ.എസ്.ഇ.ബി അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തിരുവമ്പാടി - പുലയൻവഴി റോഡിലെ പൊതുമരാമത്ത് വകുപ്പിന്റെ കുഴിവെട്ടലിൽ കെ.എസ്.ഇ.ബിയുടെ കേബിൾ വീണ്ടും പൊട്ടി. ഭാഗ്യം കൊണ്ടാണ് തൊഴിലാളികൾക്ക് ഷോക്കേൽക്കാതെ രക്ഷപ്പെട്ടത്. വിഷയം സംബന്ധിച്ച് പൊലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയെങ്കിലും പരിഹാരമായില്ലെന്ന് കെ.എസ്.ഇ.ബി സൗത്ത് എ.ഇ പറയുന്നു. ഏത് പ്രദേശത്ത് ഏത് സമയത്ത് കുഴിവെട്ടുന്നുവെന്ന് കൃത്യമായി അറിയിക്കണം. എന്നാലേ ലൈൻ ഓഫ് ചെയ്യാനും സഹകരിക്കാനും സാധിക്കൂ. തുടർച്ചയായി കേബിൾ നശിക്കുന്നത് മൂലം ലക്ഷങ്ങളുടെ അധിക ബാദ്ധ്യതയാണ് ഉണ്ടാകുന്നത്. കേബിളും ജോയിന്റും ലഭിക്കാനുള്ള പ്രയാസവും വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവവും മൂലം പലപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസവും നേരിടുന്നുണ്ട്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകൾ റോഡ് വെട്ടിൽ നശിക്കുന്നത്.