ഹരിപ്പാട്: കടലിൽ വളളം മറിഞ്ഞു അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ ധനസഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല എം. എൽ. എ പറഞ്ഞു. ആറാട്ടുപുഴ പെരുമ്പളളി സ്വദേശികളായ 4 മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിലേർപ്പെട്ടുകൊണ്ടിരിക്കെ ഓംങ്കാരം എന്ന മത്സ്യബന്ധന വളളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞതിനെത്തുടർന്നാണ് മരിച്ചത്. സുനിൽദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നീ മത്സ്യത്തൊഴിലളികളാണ് അപകടത്തിൽ മരിച്ചത്. 16 മത്സ്യത്തൊഴിലാളികളാണ് വളളത്തിലുണ്ടായിരുന്നത്. ചിലർക്ക് നീന്തി രക്ഷപ്പെടാൻകഴിഞ്ഞു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപകടത്തിൽ മരിച്ച ഒരാൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നത്. ബാക്കി മൂന്നുപേർക്ക് ഇൻഷുറൻസ് ലഭിച്ചിട്ടുമില്ല. അതിനാൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഇവർക്ക് സർക്കാർ ധനസഹായം ലഭ്യമാക്കുവാനുളള നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനസഹായം ലഭ്യമാക്കുവാൻ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല അറിയിച്ചു.