ph
വേലൻചിറ - പട്ടോളി മാർക്കറ്റ് റോഡ് തകർന്ന് കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു

കായംകുളം: കണ്ടല്ലൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ വേലൻചിറ - പട്ടോളി മാർക്കറ്റ് റോഡ് പൊട്ടി​പ്പൊളി​ഞ്ഞ് കാൽനടയാത്ര പോലും സാധി​ക്കാത്ത നി​ലയി​ൽ.
ചളി വെള്ളം നിറഞ്ഞ ചെറിയ കുളങ്ങളാണ് റോഡിന്റെ മുക്കാൽ ഭാഗവും. ഇത് കാൽ നടക്കാർക്കും ഇരു ചക്രവാഹന യാത്രക്കാർക്കും യാത്ര ദുരിതപൂർണമാക്കുന്നു.

ജനപ്രതിനിധികളെ വിഷയം പലതവണ ധരിപ്പിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപി​ക്കുന്നു. നൂറു കണക്കിന് വാഹനങ്ങൾ നിത്യവും കടന്നുപോകുന്ന റോഡാണിത്. രണ്ടു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രദേശവാസികൾ നിലവിലെ റോഡിന്റെ ശോചനീയാവസ്ഥ ഉത്തരവാദിത്വപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഒന്നാം തിയതി മുതൽ വിദ്യാലയങ്ങൾ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റോഡ് അടിയന്തരമായി പുനർ നിർമ്മിച്ചു തരണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.

...............................

ഈ റോഡി​ന്റെ അവസ്ഥ വലി​യ കഷ്ടമാണ്. അടിയന്തിരമായി റോഡ് നന്നാക്കിയില്ലങ്കിൽ ജനങ്ങളെ പങ്കെടുപ്പിച്ച് പ്രക്ഷോഭം തുടങ്ങും.

എസ്.ജയചന്ദ്രൻ പിള്ള

പ്രദേശവാസി

..........................................