തുറവൂർ: തിരക്കേറിയ തുറവൂർ - കുമ്പളങ്ങി റോഡിൽ തുറവൂർ മഹാക്ഷേത്രത്തിന് വടക്ക് വാഹനങ്ങൾ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതം തടസപ്പെടുന്നു. കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാനാവാത്ത വിധം നടപ്പാത കൈയേറിയാണ് മണിക്കൂറുകളോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റോഡാണിത്. ക്ഷേത്ര ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സമീപത്ത് സൗകര്യമുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. ഉത്സവമായതോടെ റോഡിന് ഇരുഭാഗത്തും നടപ്പാതയിലാണ് കച്ചവടക്കാരുടെ കടകൾ സ്ഥാപിച്ചിരിക്കുന്നത്. തുറവൂർ ജംഗ്ഷനിലെ സിഗ്നലിനും ടി.ഡി റെയിൽവേ ഗേറ്റിനും ഇടയിലുള്ള റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ സമയമാണ് ചെലവഴിക്കേണ്ടിവരുന്നത്. വീതിയില്ലാത്ത റോഡിൽ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ നിറുത്തിയിടുന്നത് നിയന്ത്രിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് റോഡ്.