കായംകുളം: പാലം പൊളിച്ചു പണിയുന്ന പാർക്ക് മൈതാനിയിലെ പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങി. വാട്ടർ അതോറിറ്റിയുടെ നിരുത്തരവാദ സമീപനമാണ് നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കാൻ കാരണമായത്.
പാലം നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ പൈപ്പുകൾ മാറ്റാനായി മൂന്ന് ലക്ഷം രൂപ കരാറുകാർ അതോറിട്ടിക്ക് നൽകിയിരുന്നു. എന്നാൽ നിർമാണം അവസാന ഘട്ടത്തിൽ എത്തിയിട്ടും നടപടി സ്വീകരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുകയായിരുന്നു. നിർമാണങ്ങൾക്കായി എസ്കവേറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് പൈപ്പ് ലൈൻ പൊട്ടിയത്.
ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഓരോ ദിവസവും പാഴാകുന്നതെന്നും കുടിവെള്ള വിതരണം തടസപ്പെട്ടത് യഥാസമയം അറിയിച്ചിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. . ജീവനക്കാരുടെ അഭാവമാണ് നടപടികൾക്ക് തടസമായി ചൂണ്ടിക്കാട്ടുന്നത്.