photo

ചേർത്തല: ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയ്ക്ക് അപകടത്തിൽ പരിക്കേറ്റ സംഭവം ആസൂത്രിത ആക്രമണമാണോയെന്ന് സംശയം. പിന്നാലെയെത്തി സ്‌കൂട്ടർ ഇടിപ്പിച്ച് വീഴ്ത്തുകയായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല സി.ഐ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചേർത്തല ഡിവൈ.എസ്.പിയുടെ സ്ക്വഡും അന്വേഷണ സംഘത്തിലുണ്ട്.

ഇടിച്ച സ്‌കൂട്ടർ നിറുത്താതെ പോയി. വണ്ടാനം മെഡിക്കൽ കോളേജിലെ സ്​റ്റാഫ് നഴ്‌സ് പള്ളിപ്പുറം കേളമംഗലം വിനയ്ഭവനിൽ എസ്. ശാന്തിക്കാണ് (34) പരിക്കേറ്റത്. വീഴ്ചയിൽ മുഖത്ത് എല്ലു പൊട്ടുകയും മുറിവേൽക്കുകയും ചെയ്ത ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ഞായറാഴ്ച രാത്രി എട്ടരയോടെ ചേർത്തല - അരൂക്കു​റ്റി റോഡിൽ നെടുമ്പ്രക്കാട് ഗവ. യു.പി സ്‌കൂളിന് സമീപമായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിൽ നിന്ന് സ്‌കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. പിന്നാലെ വന്ന സ്‌കൂട്ടർ തന്റെ സ്‌കൂട്ടറിൽ ഇടിക്കുമെന്ന് കണ്ണാടിയിലൂടെ മനസിലാക്കിയപ്പോൾ ഇടതുവശത്തേക്ക് വാഹനം ഒതുക്കി. എന്നിട്ടും പിന്നിൽ ഇടിച്ചു. വാഹനം മുന്നോട്ടെടുത്തപ്പോൾ വീണ്ടും സ്‌കൂട്ടറിന്റെ മുൻവശത്ത് ഇടിപ്പിച്ച ശേഷം കടക്കുകയായിരുന്നെന്ന് ശാന്തി പൊലീസിന് മൊഴി നൽകി.

നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിന്റെ വലതുവശത്തേക്ക് തെറിച്ചുവീണു. മ​റ്റുവണ്ടികൾ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. താൻ വീണതോടെ സ്‌കൂട്ടർ യാത്രക്കാരൻ അൽപ്പനേരം നിന്നെങ്കിലും പിന്നിൽ നിന്ന് കാർ വരുന്നതുകണ്ട് ഓടിച്ചുപോയി. കാർ യാത്രക്കാരനും പ്രദേശവാസികളും ചേർന്നാണ് റോഡിൽ നിന്ന് തന്നെ എഴുന്നേൽപ്പിച്ചത്. ഒരു സ്‌കൂട്ടർ ഇടിച്ചിട്ട് നിറുത്താതെ പോയെന്ന് പറഞ്ഞപ്പോൾ യാത്രക്കാരിൽ ചിലർ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. ചേർത്തലയിലെ സ്വകാര്യ ആശുപത്രിൽ പ്രാഥമിക ചികിത്സ തേടി.
ചൊവ്വാഴ്ച വേദന അസഹ്യമായതോടെ വീണ്ടും ആശുപത്രിയിലെത്തി എക്‌സറേ എടുത്തപ്പോഴാണ് മുഖത്തിന്റെ വലത് എല്ലിന് പൊട്ടലുണ്ടെന്ന് അറിയുന്നത്. കാൽമുട്ടുകൾക്കും പരിക്കേറ്റു. പൊലീസ് ശാന്തിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്​റ്റർ ചെയ്തു.

""

അപകടമുണ്ടാക്കി കടന്നുകളഞ്ഞതിനാണ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്. നാൽപ്പത് സി.സി ടി.വികൾ പരിശോധിച്ച് ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.


ബി. വിനോദ് കുമാർ

ചേർത്തല സ്‌​റ്റേഷൻ ഓഫീസർ