ചേർത്തല: നാടിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന തരത്തിൽ ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അരൂർ മണ്ഡലത്തിലെ പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതി സമഗ്രമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിത്തോട്ടിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ.
പൊക്കാളി പാടശേഖരങ്ങളിൽ നെൽകൃഷി ലാഭകരമല്ലെന്ന് തിരിച്ചറിഞ്ഞ്, മത്സ്യകൃഷി കൂടി നടത്തി നഷ്ടം കുറയ്ക്കുകയും ബാക്കി തുക സബ്‌സിഡി മുഖേനയും കർഷകർക്ക് ലഭ്യമാക്കിയാണ് ഇതര സർക്കാരുകൾ കർഷകരെ നിലനിറുത്തിയിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും നെൽ കൃഷി വൻ നഷ്ടത്തിലാക്കുകയും അരൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പൊക്കാളി പാടശേഖരങ്ങളിൽ കർഷകർ നെൽകൃഷി ഉപേക്ഷിച്ച് മത്സ്യകൃഷിയിലേക്ക് തിരിയുകയും ചെയ്തു.
പല പാടശേഖരങ്ങളും നെൽ കൃഷിക്ക് പറ്റാത്ത വിധം താണുപോയിട്ടുണ്ട്. പ്രകൃതിയുടെ ഈ പ്രതിഭാസം പഠിച്ച് നെൽകൃഷിക്ക് യോജിച്ച പാടശേഖരങ്ങൾ കണ്ടെത്തി അവിടെ ഒരു നെല്ലും മീനും പദ്ധതി നടപ്പാക്കുകയും ബാക്കിയുള്ളവ മത്സ്യക്കൃഷിക്കായി തുറന്ന് കൊടുക്കണമെന്നും ഇതിനായി സർക്കാർ ഒരു സമിതിയെ നിയോഗിക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു.
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ അദ്ധ്യക്ഷനായി.
കൈത്താങ്ങാകാൻ കർഷക ധർമ്മസേന
സ്‌പൈസസ് ബോർഡ് ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിസന്റുമായ എ.ജി. തങ്കപ്പൻ പുതിയ കർഷക സംഘടനയായ കർഷക ധർമ്മസേന (കെ.ഡി.എസ്) പ്രഖ്യാനവും മണ്ഡലം കമ്മറ്റിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ആലപ്പുഴയിലെ കർഷകർക്ക് കൈത്താങ്ങാകാൻ മഞ്ഞൾ, ഇഞ്ചി, വെറ്റില, കുരുമുളക് തുടങ്ങിയ കൃഷികൾക്ക് പ്രത്യക പാക്കേജ് ഉണ്ടാകുമെന്ന് ചെയർമാൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിസന്റ് തമ്പി മേട്ടുത്തറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. മന്മഥൻ രാഷ്ട്രീയ വിശദീകരണം നടത്തി. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കർഷകർക്ക് ആശ്വാസം നൽകിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമര പ്രഖ്യാപന സന്ദേശം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് പറഞ്ഞു. ബി.ഡി. ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി മണിലാൽ സ്വാഗതവും സംഘടന കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് ബാലേഷ് ഹരികൃഷ്ണ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി. ദിലീപ് കുമാർ, ജെ.പി. വിനോദ്, കെ. സോമൻ, ഡി. ഗിരിഷ് കുമാർ, മണ്ഡലം പ്രസിഡന്റ് ബിജു.പി. മൂലയിൽ, കെ.എൻ. പൊന്നപ്പൻ, രമേശൻ, ബാബു തൈക്കാട്ടുശേരി, പ്രിൻസ് പള്ളിപ്പുറം, പവിത്രൻ, കെ.എ. ലക്ഷ്മണൻ, ടി.ആർ. പൊന്നപ്പൻ, ഷിബു പള്ളിത്തോട്, അനിൽകുമാർ, ശ്യാം പൂച്ചാക്കൽ, മനേഷ് തുറവൂർ, നിധിൻ പള്ളിപ്പുറം, ചിദംബരൻ, അമ്പിളി അപ്പുജി എന്നിവർ സംസാരിച്ചു.