paddy

ആലപ്പുഴ: തുലാ മഴ ചതിച്ചയോടെ കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിൽ രണ്ടാംകൃഷിയുടെ വിളവെടുപ്പ് വെള്ളത്തിലായി. കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും പ്രതിസന്ധി വർദ്ധിപ്പിച്ചു. കൃഷി വകുപ്പും ജില്ലാ ഭരണകൂടവും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

തുലാവർഷം ആരംഭിക്കുകയും ന്യൂനമർദ്ദത്തെ തുടർന്നുള്ള കനത്തമഴയിലും ഭൂരിഭാഗം പാടങ്ങളിലെയും നെൽച്ചെടികൾ നിലംപൊത്തി. പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിലവിലുള്ള യന്ത്രങ്ങൾ ഇറക്കാനും കഴിയാത്ത അവസ്ഥയാണ്. കരിനിലങ്ങളിലെ ഭൂരിഭാഗം പാടങ്ങളിലും നിലംപൊത്തിയ കതിരുകൾ കിളിർത്ത് തുടങ്ങി. 120ദിവസം പ്രായമാകുമ്പോൾ വിളവെടുക്കേണ്ട നെൽച്ചെടികൾ 148 ദിവസം പിന്നിട്ടിട്ടും കൊയ്തെടുക്കാനായിട്ടില്ല.

ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ കൊയ്തിരുന്നിടത്ത് ഇപ്പോൾ മഴമൂലം നാല് മണിക്കൂറാണ് വേണ്ടിവരുന്നത്. യന്ത്ര വാടക ഏകീകരിച്ച് നിശ്ചയിച്ചിട്ടുള്ളതിനാൽ മണിക്കൂറിന് 2200 രൂപയാണ് കർഷകർ നൽകേണ്ടത്. നിലം പൊത്തിയ നെല്ല് കൊയ്യുന്നതിന് സ്ത്രീകൾക്ക് 600 രൂപയും പുരുഷന്മാമാർക്ക് 1000 രൂപയും നൽകണം. ഈർപ്പം അധികമാണെങ്കിലും സർക്കാർ നിർദേശത്തെ തുടർന്ന് മില്ലുടമകൾ നെല്ല് സംഭരിച്ചു തുടങ്ങി.

കൊയ്യാൻ യന്ത്രങ്ങളില്ല

രണ്ടാംകൃഷി വിളവെടുപ്പ് സുഗമമാക്കാൻ ഇരുന്നൂറിലധികം കൊയ്ത്ത് യന്ത്രണങ്ങളാണ് വേണ്ടത്. എന്നാൽ ഇതുവരെ 55 യന്ത്രങ്ങളാണ് എത്തിച്ചത്. ഒരു പാടത്തെ കൊയ്ത്ത് പൂർണമാകാതെ അടുത്ത പാടത്തേക്ക് യന്ത്രം കൊണ്ടുപോകാൻ കർഷകർ സമ്മതിക്കില്ല. വെള്ളക്കെട്ട് മൂലം വേഗത്തിൽ കൊയ്യാനാവില്ല. ആലത്തൂരിലെ കൊയ്ത്ത് കഴിയുന്നതോടെ അവിടെ നിന്ന് 22 യന്ത്രങ്ങളും ദീപാവലിക്ക് ശേഷം എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കുട്ടനാട് പാക്കേജിൽ വാങ്ങിയ 150 കൊയ്ത്ത് യന്ത്രങ്ങളും ജില്ലാപഞ്ചായത്തിന്റെ 19 യന്ത്രങ്ങളുമാണ് ജില്ലയിലുള്ളത്. ഇതിൽ ഭൂരിഭാഗവും പ്രവർത്തന ക്ഷമമല്ല.

കൊയ്ത്ത് നീളുന്ന പാടങ്ങൾ

# തകഴി കുന്നുമ്മ വാരിക്കാട്ടുകരി

# ചെറുതന തണ്ടപ്ര തേവേരി

# വണ്ടകപ്പുറം

# ചെട്ടുതറക്കരി

രണ്ടാം കൃഷി ഹെക്ടറിൽ

വിതച്ചത്: 8534.7

വിളവ് പ്രായമായത്: 1,​263

വിളവെടുത്തത്: 463

ചെലവ് ഏക്കറിന്: 35,000- 45,000 രൂപ

യന്ത്രവാടക മണിക്കൂറിൽ: 2,​200 രൂപ

"

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സമയബന്ധിതമായി കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് വിളവെടുപ്പ് വേഗത്തിൽ പൂർത്തീകരിക്കണം. മഴയിൽ നെല്ല് നശിച്ച കർഷകർക്ക് സാമ്പത്തിക സഹായം നൽകണം.

ബേബി പാറക്കാടൻ, പ്രസിഡന്റ്,

നെൽ-നാളികേര കർഷക ഫെഡറേഷൻ