camp

ചേർത്തല: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ നേതൃത്വ പഠന പരിശീലന ക്യാമ്പ് ഇന്ന് രാവിലെ 9.30ന് ചേർത്തല എൻ.എസ്.എസ് ഓഡി​റ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ എം. ഉമ്മർകുഞ്ഞ് പതാക ഉയർത്തും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. ബാബുപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനാ ജില്ലാ പ്രസിഡന്റ് കെ.എൻ. അശോക് കുമാർ അദ്ധ്യക്ഷനാകും. നേതൃപാടവം സംഘടനാപ്രവർത്തനത്തിലൂടെ എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കർ ബൈജു പാം, ഇന്ത്യൻ ദേശീയതയുടെ അപനിർമ്മാണവും ഫാസിസ്​റ്റ്‌വത്കരണവും എന്ന വിഷയത്തിൽ സംസ്ഥാന നിർവാഹക സമിതി മുൻ അംഗം എ. നാസറും ക്ലാസെടുക്കും. വൈകിട്ട് 4.15ന് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് വി. ശ്രീഹരി അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സോണി പവേലിൽ, സംസ്ഥാന നിർവാഹക സമിതി അംഗം കെ.ഡി. അജിമോൻ, ചേർത്തല വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി.പി. ജോസഫ്, സംസ്ഥാന സമിതി അംഗം പി.ബി. ജോസി, ബാബു രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.