ആലപ്പുഴ: പാർക്കിംഗ് ഫീസ് ഈടാക്കുമ്പോഴും ആലപ്പുഴ ബീച്ചിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. പാർക്കിംഗ് ഫീസ് ഈടാക്കാൻ ഡി.ടി.പി.സിയുടെ മേൽനോട്ടത്തിലാണ് കരാർ നൽകിയിട്ടുള്ളത്.

വിജയ പാർക്ക് മുതൽ ജില്ലാ ഹോമിയോപ്പതി ആശുപത്രി വരെയുള്ള ഭാഗത്തെ റോഡിന്റെയും ഫോംമാറ്റിംഗ് കമ്പനി റോഡിന്റെ ഇരുവശവും ബീച്ചിൽ ടൈൽ നിരത്തിയ പാർക്കിംഗ് ഏരിയായിലുമാണ് പാർക്കിംഗ് ഫീസ് ഈടാക്കാൻ മൂന്ന് വർഷത്തേക്ക് കനാൽ മാനേജ്മെന്റ് കമ്മിറ്റി കരാർ നൽകിയത്.

മൂന്ന് കാറ്റഗറിയിലായി ഫീസ് ഈടാക്കുന്നതിന് 14ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. കനാൽ മാനേജ്മെന്റ് കമ്മിറ്റി നിലവിലില്ലാത്തതിനാൽ നാലുമാസം മുമ്പാണ് ഡി.ടി.പി.സിക്ക് മേൽനോട്ട ചുമതല നൽകിയത്. കൊവിഡിന് ശേഷം ബീച്ച് തുറന്നപ്പോൾ റിക്രിയേഷൻ ഗ്രൗണ്ട് ഫീസിൽ നിന്ന് ഒഴിവാക്കി. പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും നിരത്ത് കച്ചവടക്കാരിൽ നിന്നും ഫീസ് ഈടാക്കരുതെന്ന് നിർദേശമുണ്ട്.

ബീച്ചിന് സമാന്തരമായി കിടക്കുന്ന റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള ലൈസൻസിക്കാണ് കരാർ നൽകിയിട്ടുള്ളത്. ബീച്ച് ശുചീകരിക്കാൻ പ്രതിമാസം ഒരു തൊഴിലാളിക്ക് 13,500രൂപ നിരക്കിൽ 45 പേരെയാണ് ഡി.ടി.പി.സി നിയമിച്ചിട്ടുള്ളത്.

?എന്തു ഉറപ്പ്

വാഹനം പാർക്ക് ചെയ്തു കഴിഞ്ഞാൽ കരാറുകരാന്റെ തൊഴിലാളി എത്തി ഫീസ് ഈടാക്കി മടങ്ങും. ബീച്ചിൽ പോയി മടങ്ങിയെത്തുമ്പോൾ വാഹനം സംരക്ഷിക്കേണ്ട ചുമതല കരാറുകാരൻ കാട്ടുന്നില്ല. വാഹനം മോഷ്ടാക്കൾ കൊണ്ടുപോയാൽ ആര് ഉത്തരവാദത്വം ചെയ്യുമെന്ന ചോദ്യവും ഉയരുന്നു.

പാർക്കിംഗ് ഫീസ്

10സീറ്റുവരെ - 21രൂപയും ജി.എസ്.ടിയും

18 സീറ്റുവരെ - 50.50 രൂപയും ജി.എസ്.ടിയും

18സീറ്റിന് മുകളിൽ (ചരക്കുവാഹനം ഉൾപ്പെടെ) - 71.50രൂപയും ജി.എസ്.ടിയും