ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാര പ്രകാരമുള്ള ചടങ്ങുകൾ മാത്രമായി നടത്തും. മുഖ്യ പൂജാരിണിയായിട്ടുള്ള മണ്ണാറശാല അമ്മ ദിവ്യ ഉമാദേവി അന്തർജ്ജനത്തിന്റെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും വിശേഷാൽ പൂജകളും ഈ വർഷം ഉണ്ടായിരിക്കില്ല.

കുടുംബ കാരണവരുടെ നേതൃത്വത്തിലായിരിക്കും പൂജകളും ഇതര ചടങ്ങുകളും. പൂയം ദിനമായ ഇന്നും ആയില്യം ദിനമായ നാളെയും വിശേഷാൽ തീരുവാഭണം ചാർത്തിയാണ് പൂജകൾ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പതിവ് പ്രകാരമുള്ള അമ്മയുടെ ദർശനത്തിനും നിയന്ത്രണമുണ്ടായിരിക്കും. ആയില്യ മഹോദത്സവത്തിന്റെ ഭാഗമായി ഇന്നലെ പുണർതം നാളിലെ മഹാദീപക്കാഴ്ച ചടങ്ങ് മാത്രമാണ് നടത്തിയത്.

പൂയം നാളിൽ രാത്രിയിൽ ക്ഷേത്രത്തിൽ തങ്ങാൻ അനുവാദമുണ്ടാകില്ല. പൂയം തൊഴൽ ഇന്ന് രാത്രി 9 വരെ ഉണ്ടാകും. നാളെ ആയില്യം നാളിൽ രാവിലെ 5 മുതൽ ഉച്ചക്ക് 2 വരെയും തുടർന്ന് വൈകുന്നേരം 5 മുതൽ 7 വരെയും മാത്രമായിരിക്കും ദർശനം. അന്നദാനം, പ്രസാദം ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്രം മാനേജർ അറിയിച്ചു.