ആലപ്പുഴ: ആട്ടോയിൽ കാർ ഇടിച്ച് കാർയാത്രക്കാരിയായ വൃദ്ധക്കും ഡ്രൈവർക്കും പരിക്കേറ്റു. തിരുമല വാർഡ് ചുങ്കം പുതുവൽ വീട്ടിൽ വാസന്തി(65), ആട്ടോഡ്രൈവർ ബിജു കുമാർ(40) എന്നിവരെ പരിക്കേറ്റ നിലയിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസന്തിയോടൊപ്പം യാത്രചെയ്ത മരുമകളും പിഞ്ചു കുഞ്ഞും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 11മണിയോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പഴവീട് ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ആട്ടോയിൽ ഇടിച്ചു കയറുകയായിരുന്നു. ആട്ടോ മറിഞ്ഞ് അതിന് അടിയിൽ കുടുങ്ങിയ യാത്രക്കാരെ ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി . അസി. സ്റ്റേഷൻ ഓഫിസർ ടി.സാബു,ഫയർ ഓഫിസർമാരായ ലോറൻസ്, അനീഷ്, ഷൈൻ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.