ആലപ്പുഴ: ഡ്യൂട്ടിയിലായ പൊലീസുകാരനെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്.ഐ പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതായുള്ള പരാതിയിൽ എസ്.ഐക്കെതിരെ കേസെടുത്തു. ആലപ്പുഴ ടെലി കമ്മ്യൂണിക്കേഷൻസ് വിഭാഗം എസ്.ഐ എൻ.ആർ.സന്തോഷിനെതിരെ നോർത്ത് പൊലീസ് കേസെടുത്തു. സംഭവശേഷം ഒളിവിൽ പോയ എസ്.ഐയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ വിധേയമായി എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 18ന് രാത്രിയാണ് സംഭവം. സഹപ്രവർത്തകനായ പൊലീസുകാരനെ വയർലെസ് സെറ്റ് വാങ്ങാൻ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേയ്ക്ക് അയച്ച ശേഷം ക്വാർട്ടേഴ്സിൽ എത്തിയ എസ്.ഐ പൊലീസുകാരനെ അന്വേഷിക്കാനെന്ന വ്യാജേന എത്തുകയായിരുന്നു. വാതിൽ തുറന്ന് വന്ന പൊലീസുകാരന്റെ ഭാര്യയോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നാണ് ആദ്യം പറഞ്ഞത്. ഭർത്താവ് ഇവിടില്ലെന്ന് പറഞ്ഞ് പിൻമാറാൻ യുവതി നോക്കിയെങ്കിലും എസ്.ഐ അകത്തേയ്ക്ക് ഇടിച്ചുകയറുകയും ദ്വയാർത്ഥപ്രയോഗവും നടത്തി. ഭർത്താവ് സ്ഥലത്തില്ലെന്ന് അറിഞ്ഞ് തന്നെയാണ് വന്നതെന്നും സൂചിപ്പിച്ച് എസ്.ഐ കൈയേറ്റത്തിന് മുതിരുകയും ചെയ്തു. പിന്നീട് എസ്.ഐയ്ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ നോർത്ത് പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. യുവതി പരാതി നൽകിയ വിവരം അറിഞ്ഞ് എസ്.ഐ ഒളിവിൽ പോയി. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയതായി നോർത്ത് സി.ഐ കെ.പി. വിനോദ് പറഞ്ഞു. മജിസ്ട്രേട്ടിന് മുമ്പാകെ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്.