കായംകുളം: പുതുപ്പള്ളി ഗോവിന്ദമുട്ടം വടക്ക് കൊച്ചുമുറി കളവേലിൽ ജംഗ്ഷന് സമീപത്തെ 25കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം. വാട്ടർ അതോറി​ട്ടി​റിയിലും ജനപ്രതിനിധികളുടെ മുന്നിൽ പരാതി പറഞ്ഞിട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിലെ പമ്പ് ഹൗസിന് സമീപത്തെ വീടുകളിലാണ് കുടിവെള്ളം മുടങ്ങിയിട്ടുള്ളത്. നിലവിലെ കണക്ഷൻ മാറ്റി പുതിയതായി ലൈനിലേക്ക് മാറ്റിയതോടെയാണ് കുടിവെള്ളം കിട്ടാതായത്. പ്രദേശത്ത് വെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ആർ.രാജേഷ് അഡ്വ. യു.പ്രതിഭ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ദേവികുളങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് തടസമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. ബി.ജെ.പി വാർഡിൽ കുടിവെള്ളം എത്തിക്കുന്നതിന് തടസം നിൽക്കുന്ന എൽ.ഡി.എഫ് ഭരണസമിതിയുടെ നിലപാടിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആർ.രാജേഷ് ആരോപിച്ചു. കുടിവെള്ളം എത്തിക്കുന്നതിലും രാഷ്ട്രീയ വിവേചനം കാണിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.