ആലപ്പുഴ: തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിൽ പാമ്പ് ശല്യം രൂക്ഷമായി. നഗരത്തിലും ഉൾപ്രദേശങ്ങളിലുമടക്കം പെരുമ്പാമ്പ് അടക്കമുള്ളവ കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ടു. വെള്ളപ്പൊക്ക നാളുകളിൽ ചക്കുളത്തെ ദുരിതാശ്വാസ ക്യാമ്പിൽ മൂർഖൻ പാമ്പ് കയറിയതടക്കം നിരവധി സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
മീൻ പിടിക്കാനിടുന്ന വലകളിൽ പാമ്പുകൾ കുടുങ്ങുന്നതും നിത്യസംഭവമാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത്. ഈ സമയത്ത് ഇവ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തും. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇവ മുട്ടയിടുന്നത്.
വീടുകളുടെ പരിസരം വൃത്തിയാക്കിയിടുന്നതാണ് ഏറ്റവും പ്രധാനം. തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടിവയ്ക്കരുത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലും എടത്വാ, ചക്കുളം പ്രദേശത്തും നഗരത്തിലെ കിഴക്കൻ വാർഡുകളിലും പ്രളയകാലം മുതൽ പാമ്പ് ശല്യം കൂടുതലാണ്.
രക്ഷാ മാർഗം
മൂന്നാഴ്ച ഇടവിട്ട് രാത്രി വീടിന് ചുറ്റും പെട്രോളോ, ഡീസലോ, മണ്ണെണ്ണയോ വെള്ളവുമായി കലർത്തി സ്പ്രേ ചെയ്യുന്നത് ഇഴജന്തുക്കളെ അകറ്റി നിറുത്താൻ സഹായിക്കും. തൊണ്ണൂറ് ശതമാനം വെള്ളത്തിലാണ് ഇത് കലർത്തേണ്ടത്. ഭക്ഷണം തേടി വരുന്ന പാമ്പുകൾ ഇരയെ കണ്ടെത്തുന്നത് നാവുകൊണ്ടാണ്. മിശ്രിതത്തിൽ നാവ് തട്ടിയാൽ പാമ്പ് പിന്മാറും.
ആന്റി വെനം ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ
ആലപ്പുഴ മെഡിക്കൽ കോളേജ്
മാവേലിക്കര ജില്ലാ ആശുപത്രി
ചേർത്തല താലൂക്ക് ആശുപത്രി
ചെങ്ങന്നൂർ താലൂക്ക് ആശുപത്രി
നൂറനാട് താലൂക്ക് ആശുപത്രി
കടിയേറ്റാൽ
# മൂന്ന് വിരലിന്റെ വീതിയിൽ തുണി മടക്കി മുറിവിന് എട്ടോ ഒമ്പതോ ഇഞ്ച് മുകളിലായി കെട്ടാം
# രക്തയോട്ടം തടസപ്പെടും വിധം മുറിവിന് മുകളിൽ കെട്ടരുത്
# കടിയേറ്റയാളെ നടക്കാനോ ഓടാനോ അനുവദിക്കരുത്
# കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് കഴുകാം
# വ്യക്തിയെ നിരപ്പായി കിടത്തുക
# സമയം പാഴാക്കാതെ ആശുപത്രിയിലെത്തിക്കുക
""
വെള്ളപ്പൊക്ക സമയത്ത് വീടുകളിൽ പാമ്പ് കയറിയിട്ടുണ്ട്. ഇപ്പോഴും ഓരോ ദിവസവും ധാരാളം പേരാണ് സഹായത്തിനായി വിളിക്കുന്നത്.
പ്രജീഷ് ചക്കുളം
ആനിമൽ ട്രെയിനർ