ആലപ്പുഴ: നഗരത്തിൽ കാളാത്ത് വാർഡിൽ ആറുപേരെ തെരുവുനായ ആക്രമിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് സംശയം. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സതേടി. നായയെ പ്രദേശവാസികൾ തല്ലിക്കൊന്നു. ആറു പേർക്കാണ് നായയുടെ കടിയേറ്റതെന്ന് നഗരസഭാധികൃതർ പറയുമ്പോഴും ഇരുപതോളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നഗരസഭാ പരിധിയിൽ പതിനൊന്നുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൊവിഡ് കാലത്ത് എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതി നിലച്ചത് മൂലമാണ് തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്.